കൊച്ചി: എറണാകുളം തേവരയില്‍ ടാങ്കർ ലോറിയില്‍ നിന്ന് സള്‍ഫൂരിക് ആസിഡ് തെറിച്ച് ബൈക്ക് യാത്രികന് പൊള്ളലേറ്റു. കണ്ണമാലി സ്വദേശിയുടെ കയ്യിലും കഴുത്തിലുമാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ടാങ്കര്‍ കടന്നുപോയ ഉടനെയാണ് യുവാവിന് നീറ്റല്‍ അനുഭവപ്പെട്ടത്.
ബൈക്ക് നിര്‍ത്തി നോക്കിയപ്പോള്‍ വസ്ത്രങ്ങളെല്ലാം കരിഞ്ഞനിലയിലായിരുന്നു. തുടര്‍ന്ന് സമീപത്തെ പോലീസുകാരനോട് വിവരം പറയുകയായിരുന്നു. കുണ്ടന്നൂരില്‍ വെച്ച് പോലീസ് ടാങ്കര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സള്‍ഫൂരിക് ആസിഡാണെന്ന് മനസിലായത്. മഴയായതിനാല്‍ ബാഗ് മുന്‍ഭാഗത്തായിരുന്നു യാത്രക്കാരനിട്ടിരുന്നത്.
അതിനാല്‍ മുന്‍ഭാഗത്ത് അധികം പൊള്ളലേറ്റിരുന്നില്ല. ഹെല്‍മറ്റ് ധരിച്ചതിനാല്‍ മുഖത്തും പൊള്ളലേറ്റില്ല. എന്നാല്‍ കയ്യിലും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റു. അലക്ഷ്യമായി സള്‍ഫൂരിക് ആസിഡ് കൈകാര്യം ചെയ്ത സംഭവത്തില്‍ കുണ്ടന്നൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
SUMMARY: Biker burns after sulfuric acid spills from tanker lorry