
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് വിഴിഞ്ഞത്ത് ഇന്ന് തുടക്കമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായി മാറിയ തുറമുഖമാണ് വിഴിഞ്ഞമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2024 ജൂലൈയിൽ ഇവിടെ ആദ്യ മദർഷിപ്പ് വന്നു. 2025 മെയ് 2 ന് തുറമുഖം നാടിനു സമർപ്പിച്ചു. കേരളം, വികസനത്തിന്റെ കാര്യത്തിൽ കേട്ട പ്രധാന ആക്ഷേപം ‘ഒന്നും നടക്കാത്ത നാട്’ എന്നതാണ്. ‘ഇതൊന്നും കേരളത്തിന് പറ്റിയ കാര്യമല്ല’ എന്ന് പറഞ്ഞ് ആക്ഷേപിച്ചവരും പരിഹസിച്ചവരുമുണ്ട്. ആ പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയായാണ് വിഴിഞ്ഞം പദ്ധതി നമ്മൾ യാഥാർഥ്യമാക്കി കാണിച്ചത്.
ചരക്കു നീക്കത്തിനായി കേരളം മറ്റുള്ളവരെ ആശ്രയിച്ചിരുന്ന കാലം അവസാനിച്ചു. ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം ഇന്ന് പ്രധാന ശക്തിയായി മാറുകയാണ്. ഇത് വെറും പറച്ചിലല്ല, കണ്മുന്നിൽ കാണുന്ന യാഥാർഥ്യമാണ്. വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ തന്നെ ആഗോള കപ്പൽ ചാലിൽ കേരളത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖപ്പെട്ടുകഴിഞ്ഞു. പ്രതിവർഷം 10 ലക്ഷം ടിയുഇ ആയിരുന്നു ആദ്യഘട്ടത്തിൽ വിഴിഞ്ഞത്തിന്റെ ശേഷി. എന്നാൽ 10 മാസം കൊണ്ട് ഈ ലക്ഷ്യം മറികടന്നു. ലോകത്തൊരു പോർട്ടിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ലോകോത്തര നിലവാരത്തിലുള്ള ഓട്ടോമേഷൻ സാങ്കേതികവിദ്യയും ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമവുമാണ് ഈ നേട്ടത്തിനു പിന്നിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
SUMMARY: Chief Minister inaugurates the second phase of Vizhinjam construction














