ഖാർത്തൂം: സുഡാനിൽ ആഭ്യന്തരയുദ്ധം കടുക്കുന്നതിനിടെ ഡാർഫർ പ്രദേശത്തെ സൈന്യത്തിന്റെ ശക്തികേന്ദ്രം പിടിച്ചെടുത്തും നൂറുകണക്കിന് സാധാരണക്കാരെ കൊന്നൊടുക്കിയും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്). എൽ ഫാഷറിലെ പ്രധാന ആശുപത്രിയിലുണ്ടായിരുന്ന 460 സാധാരണക്കാരാണ് ഇവരുടെ നിഷ്ഠുരതയ്ക്കിരയായത്. മുൻപ് സുഡാൻ സർക്കാരിന് കീഴിൽ പ്രവർത്തിച്ചിരുന്ന അർധ സൈനിക വിഭാഗമായിരുന്നു ഇവർ. രാജ്യത്തിന്റെ പടിഞ്ഞാറൻ ഡർഫർ മേഖലയിലെ എൽ ഫാഷർ നഗരം കഴിഞ്ഞദിവസം പിടിച്ചെടുത്ത ആർഎസ്എഫ്, നൂറുകണക്കിന് സാധാരണക്കാരെയാണ് കൊന്നൊടുക്കിയത്.
2023 മുതല്‍ സുഡാന്‍ സൈന്യവുമായി ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടുവരികയാണ് ആര്‍എസ്എഫ്. ഡര്‍ഫര്‍ മേഖലയിലെ സുഡാന്‍ സൈന്യത്തിന്റെ അവസാനശക്തികേന്ദ്രമായിരുന്നു എല്‍ ഫാഷര്‍. പതിനെട്ടുമാസത്തോളം നീണ്ട ആക്രമണത്തിന് പിന്നാലെ ഞായറാഴ്ചയാണ് എല്‍ ഫാഷറിനെ ആര്‍എസ്എഫ് പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് നൂറുകണക്കിനാളുകളെ കൊന്നൊടുക്കിയ ക്രൂരത അരങ്ങേറിയത്.
നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ മനുഷ്യരെ കശാപ്പ് ചെയ്യുന്ന ഇടങ്ങളായി മാറിയെന്ന് സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക്എസ്ഡിഎൻ പറഞ്ഞു. ക്രൂരതയെ ലോകാരോഗ്യസംഘടന (WHO) അപലപിക്കുകയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ ആർഎസ്എഫ് തട്ടിക്കൊണ്ടുപോയതായും, ഇവരെ വിട്ടയക്കാൻ ഒന്നരലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമങ്ങള്‍ വരെയുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എഫുകാര്‍ നഗരത്തിലേക്ക് കൂടുതല്‍ അതിക്രമിച്ച് കയറി സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ അടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ കടുത്ത ആശങ്കയുണ്ടെന്നും യു.എന്‍ ഹ്യുമാനിറ്റേറിയന്‍ മേധാവി ടോം ഫ്‌ളെച്ചര്‍ പറഞ്ഞു.
സുഡാൻ സൈന്യവുമായുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ട 2023 ഏപ്രിൽമാസം മുതൽക്കേ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആർഎസ്എഫും അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യംവെക്കുന്നതായുള്ള ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഇത് നിഷേധിക്കുന്ന നിലപാടായിരുന്നു ആർഎസ്എഫിന്റേത്. എൽ ഫാഷർ ആർഎസ്എഫിന്റെ പിടിയിലായതിന് പിന്നാലെ അറബ് ഇതര വിഭാഗക്കാർ ഉൾപ്പെടെയുള്ള രണ്ടരലക്ഷത്തിലധികം ആളുകൾ നഗരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയും മറ്റ് സന്നദ്ധ സംഘടനകളും വിലയിരുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയതും എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ചുള്ള യാഥാർഥ്യം അറിയുന്നതിന് തടസ്സമായിട്ടുണ്ട്.
ഡർഫർ, സമീപപ്രദേശമായ കോർദോഫാൻ എന്നിവിടങ്ങൾ ആർഎസ്എഫ് ഇതിനകം പിടിച്ചെടുത്തു കഴിഞ്ഞു. രാജ്യതലസ്ഥാനമായ ഖാർത്തൂം, മധ്യ-കിഴക്കൻ പ്രദേശങ്ങൾ എന്നിവ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. നിലവില്‍ പരസ്പരം പോരടിക്കുന്ന ആര്‍എസ്എഫും സൈന്യവും മുന്‍പ് സഖ്യകക്ഷികളായിരുന്നു. 2021-ലെ അട്ടിമറിക്കു പിന്നാലെ സംയുക്തമയാണ് അധികാരത്തിലെത്തിയത്. എന്നാല്‍, സിവിലിയന്‍ ഭരണത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് യുദ്ധത്തിലേക്ക് നയിച്ചത്.
SUMMARY: Civil war: RSF brutality in Sudan, 460 people killed














