ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ച് ഇന്ന് ഡല്‍ഹിയിലെ ജന്തർ മന്തറില്‍ നടക്കും. പോലീസ് മാർച്ച് വിലക്കിയതോടെ ജന്തർ മന്തർ യുദ്ധകളത്തിനു സമാനമാണ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തിലും പ്രതിഷേധം ശക്തമാക്കാനാണ് സിജെപി തീരുമാനം. പാർലിമെന്റ് മാർച്ചിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സിജെപി അറിയിച്ചു. പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ ഇന്നത്തെ മാർച്ചിൽ പങ്കെടുത്തേക്കും. ഡല്‍ഹി പോലീസിന്റെ കണക്ക് കൂട്ടലുകൾക്ക് അപ്പുറമുള്ള ആൾക്കൂട്ടമാണ് ഇന്നലെ രാത്രി വൈകിയും ജന്തർമന്തറിൽ എത്തിയത്.
പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജും രാത്രിയിൽ ഉടനീളം ജന്തർമന്തറിൽ തുടർന്നു. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി, ഐഷി ഘോഷ് എന്നിവരുടെ നിരാഹാര സമരവും തുടരുന്നുണ്ട്.
ക്വിക്ക് റെസ്‌പോൺസ് ടീമുകൾ ഉൾപ്പെടെ മുന്നൂറിലധികം പോലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമ്മിഷണർ, അഡീഷനൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ടു നിരീക്ഷിക്കുകയാണ്.
അതേ സമയം, ഉപാധികളോടെ നിരാഹാരസമരം അവസാനിപ്പിക്കാന്‍ വാങ്ചുക് സന്നദ്ധത അറിയിച്ചെന്ന് ഭാര്യ. നേതാക്കള്‍ വന്ന് കാണുകയും പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ നീറ്റ് വിഷയം ഉന്നയിക്കുമെന്നും വിദ്യഭ്യാസമന്ത്രിയെ കൊണ്ട് ഉത്തരം പറയിപ്പിക്കുമെന്ന ഉറപ്പ് നല്‍കിയാല്‍ നിരാഹാരസമരം അവസാനിപ്പിക്കുമെന്ന് വാങ്ചുക് അറിയിച്ചതായി ഭാര്യ ഗീതാഞ്ജലി പറഞ്ഞു.
SUMMARY: CJP’s Parliament march today; Delhi Police denies permission, prohibitory orders issued
















