ബെംഗളൂരു: ദേവനഹള്ളി മുതൽ ഹെബ്ബാൾ വരെയുള്ള ബെംഗളൂരു വടക്കൻ മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ യെലഹങ്കയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ട്രെയിൻ, കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേരളസമാജം കര്‍ണാടക റെയിൽവേ, പൊതുഗതാഗത വകുപ്പ് അധികാരികള്‍ക്ക് നിവേദനം നല്‍കി.
വിവിധ സർക്കാർ, സ്വകാര്യ, ഐ.ടി. സ്ഥാപനങ്ങളിലും കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന ഈ മേഖലയിലെ മലയാളികൾക്ക് കേരളത്തിലേക്കുള്ള നേരിട്ടുള്ള യാത്രാസൗകര്യങ്ങൾ പരിമിതമാണെന്നും ഈ സാഹചര്യത്തിൽ, യെലഹങ്കയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ കുറഞ്ഞത് മൂന്ന് നേരിട്ടുള്ള ട്രെയിൻ സർവീസുകളും, യെലഹങ്കയിൽ നിന്ന് തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് സ്ഥിരം കെ.എസ്.ആർ.ടി.സി. ബസ് സർവീസുകളും ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ഇത്തരം സർവീസുകൾ യെലഹങ്ക, ദേവനഹള്ളി, വിമാനത്താവള പരിസരം, സമീപ ഐ.ടി. മേഖലകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
SUMMARY: Train and KSRTC services should be started from Yelahanka to Thiruvananthapuram: Kerala Samajam Karnataka
















