കീവ്: യുക്രെയിനിൽ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തിൽ മലയാളിയടക്കം 10 പേർ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് മരിച്ചത്. യുക്രെയിൻ നഗരമായ ഒഡേസക്ക് സമീപത്ത് വച്ചായിരുന്നു റഷ്യയുടെ ആക്രമണം. ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ് കൊല്ലപ്പെട്ട അഖില്‍. ലീവിന് നാട്ടില്‍ വന്ന് വിവാഹം ഉറപ്പിച്ച് ഒരു മാസം മുമ്പാണ് തിരിച്ചു പോയത്.
ഗിനിയ-ബിസാവു പതാകയുള്ള ഗോൾഡൻ ലിയോ കപ്പലിന് നേരെയായിരുന്നു റഷ്യയുടെ മിസൈൽ ആക്രമണം. സിറിയൻ- ഇന്ത്യൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിൽ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷിച്ചതായി യുക്രെയിൻ സീപോർട്ട് അതോറിറ്റി അറിയിച്ചു. റഷ്യൻ ആക്രമണത്തിന് പിന്നാലെ നൂറു കണക്കിന് ഡ്രോണുകളാണ് മോസ്‌കോ ലക്ഷ്യമാക്കി യുക്രെയിൻ വിക്ഷേപിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയിൽ തുടർച്ചയായ റഷ്യൻ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ട്. ജൂലൈയിൽ മാത്രം റഷ്യൻ ആക്രമണങ്ങളിൽ 28 പേർ മരിച്ചതായി ഗവർണർ ഒലെ കിപ്പർ പറഞ്ഞു. കരിങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെയുള്ള റഷ്യൻ ആക്രമണങ്ങളും വർധിച്ചിട്ടുണ്ട്. യുക്രെയ്ന്റെ കാർഷിക കയറ്റുമതിയുടെ മൂന്നിൽ രണ്ട് ഭാഗവും ഈ പാത വഴിയാണ് നടക്കുന്നത്.
ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ പേട്രിയറ്റ് ഇന്റർസെപ്റ്റർ യുദ്ധോപകരണങ്ങളുടെ ദൗർലഭ്യം യുക്രെയിൻ നേരിടുന്ന പശ്ചാത്തലത്തിലാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.
മോസ്‌കോയെ ലക്ഷ്യമിട്ട് 400 ലേറെ ഡ്രോണുകളാണ് യുക്രെയിൻ വിക്ഷേപിച്ചത്.’ തങ്ങളുടെ നഗരങ്ങൾക്ക് നേരെയുള്ള റഷ്യൻ ആക്രമണങ്ങൾക്ക് നീതിപൂർവമായ മറുപടിയാണ് നൽകുന്ന’തെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി വ്യക്തമാക്കി. ഉക്രൈൻ അതിർത്തിയിൽ നിന്നും 400 കിലോമീറ്ററിലധികം (250 മൈൽ) അകലെയുള്ള മോസ്‌കോ മേഖലയിലെ റഷ്യൻ ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾക്കും എണ്ണ സംഭരണശാലയ്ക്കും നേരെയാണ് യുക്രെയിൻ ആക്രമണം നടത്തിയത്.
SUMMARY: Russian attack on cargo ship off the coast of Ukraine; 10 sailors including a Malayali killed
















