
കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന് കൊച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്.
നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദർശ് കേസിൽ ഒന്നാം പ്രതിയും ജിസ് ജോയി നാലാം പ്രതിയുമാണ്. ഇൻസോമ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്ന് പരാതിയിൽ പറയുന്നു. രണ്ട് ഘട്ടമായി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം കേസുമായി ബന്ധമില്ലെന്ന് സംവിധായകൻ ജിസ് ജോയി പറഞ്ഞു. കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പ്രതികരിച്ചു. താൻ ഷോയുടെ സംവിധായകൻ മാത്രമെന്ന് ജിസ് ജോയ് പ്രതികരിച്ചു. 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ല. യാതൊരു കരാറും ഇയാളുമായി ഉണ്ടാക്കിയിട്ടില്ലെന്നും വാസ്തവ വിരുദ്ധമായ പരാതിയാണെന്നും ജിസ് ജോയ് പ്രതികരിച്ചു. തന്റെ പേര് എന്തിനാണ് വലിച്ചിഴച്ചതെന്ന് അറിയില്ലെന്നും മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ജിസ് ജോയ് പറഞ്ഞു. ആദി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ ഒരുമിച്ച് കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: Complaint of cheating by taking 35 lakhs; Case filed against mentalist Aadi and director Jis Joe













