ബെംഗളൂരു: നിയമസഭയിൽ ആർ.എസ്.എസ് ഗീതം ആലപിച്ചതിന് കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവും മുൻ എം.പിയും നിലവിൽ എം.എൽ.സിയുമായ ബി.കെ. ഹരിപ്രസാദ് ആവശ്യപ്പെട്ടു. സ്വതന്ത്ര ഇന്ത്യയിൽ മൂന്നു തവണ നിരോധിക്കപ്പെട്ട ആർ.എസ്.എസിന്റെ ഗീതം പാടി അദ്ദേഹം ആരെയാണ് പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കർണാടക ഉപമുഖ്യമന്ത്രി എന്ന നിലയിൽ ശിവകുമാർ ആർ.എസ്.എസ് ഗീതം പാടുന്നതിന് വിരോധമില്ല. കാരണം, ഉപമുഖ്യമന്ത്രി പദവി സർക്കാറന്റേതാണ്. സർക്കാർ എന്നത് ഈ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. എന്നാൽ, ശിവകുമാർ കോൺഗ്രസിന്റെ കർണാടക അധ്യക്ഷൻ കൂടിയാണെന്നും ഹരിപ്രസാദ് പറഞ്ഞു.
ആഗസ്റ്റ് 21ന് നിയമസഭയിൽ ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ശിവകുമാർ നമസ്തെ സദാ വത്സലേ എന്ന് തുടങ്ങുന്ന ആർ.എസ്.എസ് ഗീതം പാടിയത്. സംഭവം ചര്‍ച്ച ആയതോടെ കർണാടക മന്ത്രി എച്ച്.സി. മഹാദേവപ്പ, മൈസൂരു നരസിംഹ രാജ നഗർ കോൺഗ്രസ് എം.എൽ.എ തൻവീർസേട്ട് എന്നിവർ ശിവകുമാറിനെ പിന്തുണച്ച് രംഗത്തെത്തി. ശിവകുമാർ ബി.ജെ.പിയിൽ ചേരാൻപോകുന്നില്ലെന്ന് അവർ പറഞ്ഞു. താനുമൊരു ഹിന്ദുവാണെന്നാണ് ശിവകുമാർ പറഞ്ഞത്. ആർ.ആർ.എസ് ആശയങ്ങൾക്കെതിരെ കോൺഗ്രസ് പോരാട്ടം തുടരും. മതേതരത്വം, ജനാധിപത്യം, ഭരണഘടന എന്നിവയിൽ വിശ്വസിക്കുന്നവർ ആർ.എസ്.എസിനെ എതിർക്കുമെന്നും എച്ച്.സി. മഹാദേവപ്പ പറഞ്ഞു. ആർ.എസ്.എസ് ഗീതം പാടിയതുകൊണ്ടുമാത്രം ശിവകുമാർ ബി.ജെ.പിക്ക് അനുകൂലമാണെന്ന് പറയാനാവില്ലെന്ന് തൻവീർസേട്ട് എം.എൽ.എ പറഞ്ഞു.
അതേസമയം ശിവകുമാറിന് പിന്നാലെ ആർ.എസ്.എസ് ഗീതം പാടി മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ രംഗനാഥ് കൂടി രംഗത്തെത്തിയിരുന്നു.
SUMMARY: Congress MLC demands apology from DK Shivakumar for singing RSS anthem