ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. ഉദ്ഘാടനം കഴിഞ്ഞ് 40 ദിവസത്തിന് ശേഷമാണ് ബിഎംആര്‍സിഎല്ലിന്റെ നടപടി. യാത്രക്കാര്‍ നിരന്തരമായി ആവശ്യം ഉന്നയിച്ചതോടെയാണ് നടപടി. പ്രായമേറിയവരും ശാരീരികാസ്വസ്ഥതകള്‍ നേരിടുന്നവരുമായ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ് ഈ നടപടി .
19 കിലോമീറ്റര്‍ പാതയിലെ മിക്ക സ്റ്റേഷനുകളിലും സീറ്റുകള്‍ സ്ഥാപിച്ച് കഴിഞ്ഞതായി ബിഎംആര്‍സിഎല്‍ അധികൃതര്‍ പറഞ്ഞു. ബിടിഎം ലേഔട്ട്, ജയദേവ് ഹോസ്പിറ്റല്‍, രാഗിഗുദ്ദ, കൊണപ്പന അഗ്രഹാര തുടങ്ങിയ സ്റ്റേഷനുകളില്‍ ഒരു പ്ലാറ്റ് ഫോമില്‍ കുറഞ്ഞത് 35 പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ സീറ്റുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
നിലവില്‍ 4 ട്രെയിനുകള്‍ മാത്രമാണ് യെല്ലോ പാതയില്‍ സര്‍വീസ് നടത്തുന്നത്. 19 മിനിട്ടാണ് കാത്തിരിപ്പ് സമയം. ഇത്രയും നേരം നില്‍ക്കേണ്ടി വരുന്നത് പ്രായമേറിയവരെയും രോഗികളെയും സംബന്ധിച്ച് പ്രതിസന്ധിയായിരുന്നു.
ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓഗസ്റ്റ് 11 മുതലാണ് യാത്രാ സര്‍വീസ് ആരംഭിച്ചത്. പ്രതിദിനം ശരാശരി 84,000 പേര്‍ പുതിയ പാതയിലൂടെ യാത്ര ചെയ്യുന്നതായി ബിഎംആര്‍സിഎല്‍ വ്യക്തമാക്കുന്നു.
SUMMARY: Considering the needs of passengers, Namma Metro: Seating facilities have been provided at stations on the Yellow Line













