ചണ്ഡീഗഡ്: അഴിമതി കേസിൽ പഞ്ചാബിലെ റോപ്പർ റേഞ്ച് ഡിഐജി ആയ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹർചരൺ സിങിനെയാണ് അറസ്റ്റ് ചെയ്തത്. എട്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. സിബിഐ നടത്തിയ റെയ്ഡിൽ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 5 കോടി രൂപ പണമായും രണ്ട് ആഡംബര വാഹനങ്ങൾ, ആഭരണങ്ങൾ, ആഡംബര വാച്ചുകൾ എന്നിവയും കണ്ടെത്തി. ഇതിനുപുറമെ ഒട്ടേറെ സ്വത്തിന്റെ രേഖകളും സിബിഐ കണ്ടെത്തി.
ഇടനിലക്കാരനായി പ്രവർത്തിച്ച കൃഷ്ണ എന്ന വ്യക്തിയും അറസ്റ്റിലായിട്ടുണ്ട് . ഒരു പ്രാദേശിക ബിസിനസുകാരനെതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസ് ഒത്തുതീർപ്പാക്കാൻ ഈ ഇടനിലക്കാരൻ വഴിയാണ് കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതും. പിന്നീടും നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായി സിബിഐ പറഞ്ഞു. പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ വ്യാപാരി ആകാശ് ബട്ട, അഞ്ച് ദിവസം മുമ്പ് നൽകിയ പരാതിയെ തുടർന്നാണ് വ്യാഴാഴ്ച സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. എട്ട് ലക്ഷം രൂപ കൈക്കൂലി നൽകിയില്ലെങ്കിൽ കേസിൽ തന്നെ കുടുക്കുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് പ്രതിമാസം സെറ്റിൽമെന്റ് പേയ്‌മെന്റുകൾ നടത്തുകയും ചെയ്തു.
സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) പ്രകാരം, ഭുള്ളർ തന്റെ സഹായി കൃഷ്ണ വഴിയാണ് പണം സ്വീകരിച്ചത്. ചണ്ഡീഗഡിലെ സെക്ടർ 21 ൽ വച്ച് പരാതിക്കാരനിൽ നിന്ന് 8 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ കൃഷ്ണയെ പിടികൂടുകയായിരുന്നു. കൈമാറ്റം നടന്നയുടനെ പരാതിക്കാരനും ഡിഐജിയും തമ്മിൽ ഫോൺ സംഭാഷണം നടന്നു. അതിൽ പണം ലഭിച്ചതായി ഉദ്യോഗസ്ഥൻ സമ്മതിക്കുകയും ഇരുവരോടും തന്റെ ഓഫീസിലെത്താൻ നിർദ്ദേശിക്കുകയും ചെയ്തു. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ, സിബിഐ സംഘം ഡിഐജി ഭുള്ളറെ മൊഹാലിയിലെ ഓഫീസിൽ എത്തി ഭുള്ളറെ അറസ്റ്റ് ചെയ്തു.
ഇടനിലക്കാരൻ കൃഷ്ണയുടെ വീട്ടിൽ നിന്ന് സിബിഐ 21 ലക്ഷം രൂപ കൂടി കണ്ടെടുത്തു. ഭുള്ളറിനെയും കൃഷ്ണയെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വത്തുക്കളുടെ മുഴുവൻ വ്യാപ്തിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധമുണ്ടോയെന്നും കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു.
SUMMARY: Corruption case; Rs 5 crore and luxury cars seized from IPS officer’s house