കണ്ണൂർ: പാനൂർ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസിൽ തീയിട്ടു. പൂട്ടിയിട്ട ഓഫിസ് വൈകിട്ട് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. ഓഫീസിൽ സൂക്ഷിച്ചിരുന്ന പോസ്റ്ററുകളും കൊടികളും തോരണങ്ങളും കത്തി നശിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച ടൗൺ ബ്രാഞ്ച് ഓഫീസിലാണ് സംഭവം.
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേഖലയിൽ സംഘർഷാവസ്ഥയുണ്ട്. ഇന്നലെ വൈകീട്ട് പ്രദേശത്ത് സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവർ വിശദീകരണ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. യോഗത്തിലേക്കാണ് കൊടി എടുക്കാൻ എത്തിയപ്പോഴാണ് കത്തി നശിച്ചത് അറിയുന്നത്.
സംഭവത്തിന് പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. അടച്ചിട്ട ഓഫിസിന്റെ എയർഹോളിലൂടെ പെട്രോൾ ഒഴിച്ച് തീയിട്ടതാകാമെന്നാണ് സിപിഎം പറയുന്നത്.
കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂർ, പാറാട് മേഖലകളിൽ സംഘർഷമുണ്ടായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവർക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഓഫിസിൽ തീയിട്ട സംഭവം നടക്കുന്നത്.
SUMMARY: CPM branch committee office set on fire in Panur














