കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19) മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേറ്റു. കാസറഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം. തിക്കിലും തിരക്കിലും പരുക്കേറ്റ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
റെയിൽവേ പാളത്തിനോട് അടുത്ത വേദിയിലാണ് ബേക്കൽ ബീച്ച് ഫെസ്റ്റ് നടക്കുന്നത്. രാത്രി എട്ട് മണിക്ക് ആരംഭിക്കുമെന്നറിയിച്ച പരിപാടി ഒന്നര മണിക്കൂറിൽ ഏറെ വൈകിയാണ് ആരംഭിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പേ ആയിരത്തോളം പേർ വേദിയിലെത്തിയിരുന്നു. ടിക്കറ്റ് എടുത്തവർക്ക് പുറമെ, ടിക്കറ്റില്ലാതെയും കാണികൾ ഫെസ്റ്റ് വേദിയിൽ എത്തിയതായാണ് റിപ്പോർട്ട്. പരിപാടി ആരംഭിച്ചതിനു പിന്നാലെ, ആൾകൂട്ടം ഇടിച്ചുകയറിയതാണ് അപകടകാരണമായത്.
നേരത്തേ കാസറഗോഡ് നടന്ന ഹനാൻ ഷായുടെ പരിപാടിക്കിടെയും തിക്കിലും തിരക്കിലും ആളുകൾക്ക് പരുക്കേറ്റിരുന്നു. പുതിയ ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രദർശനമേളയിലാണ് നവംബറിൽ അപകടമുണ്ടായത്. ഇരുപതോളം പേരെയാണ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
SUMMARY: Crowd at Vedan’s music concert in Bekal; several injured; young man dies after being hit by train














