കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സി.കെ. ഗോപാലകൃഷ്ണന്‍ അറസ്റ്റില്‍. ഇന്ന് ഉച്ചയോടെ ആലുവ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ ഗോപാലകൃഷ്ണനെ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. തന്റെ എഫ്ബി പോസ്റ്റിലൂടെ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്റെ മൊഴി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് ചുമത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ കോടതി ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയിരുന്നു.
ഒന്നാം പ്രതിയായ ഗോപാലകൃഷ്ണന്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളുടെ മൊബൈല്‍ ഫോണ്‍ പ്രത്യേക അന്വേഷകസംഘം പിടിച്ചെടുത്തിരുന്നു. അപവാദ പ്രചാരണം നടത്തിയ ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് മെറ്റ നീക്കുകയും ചെയ്തു. അക്കൗണ്ട് നീക്കണമെന്നാവശ്യപ്പെട്ട് അന്വേഷകസംഘം മെറ്റയ്ക്ക് കത്ത് നല്‍കിയതിന് പിന്നാലെയായിരുന്നു നടപടി. കേസില്‍ രണ്ടാം പ്രതിയായ കെ.എം. ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
SUMMARY: Cyber attack on K.J. Shine; Congress local leader arrested, released on bail