തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പ്രതിയായ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സുഹൃത്ത് ഫെനി നൈനാനെതിരെ സൈബര്‍ പോലീസ് കേസെടുത്തു. അതിജീവിതയുടെ ചാറ്റ് ഉള്‍പ്പടെ പ്രസിദ്ധപ്പെടുത്തി അധിക്ഷേപിച്ചെന്ന് കാട്ടിയാണ് കേസ്.
പീഡനത്തിന് ശേഷമുള്ള അതിജീവിതയുടെ വാട്സാപ് ചാറ്റ് പുറത്തുവിട്ട് ഫെനി നൈനാൻ രംഗത്തെത്തിയിരുന്നു. ചില കാര്യങ്ങൾ പറയാനുണ്ടെന്നും ഫ്ലാറ്റിൽ വെച്ച് കാണുന്നതാണ് സുരക്ഷിതമെന്നും അതിജീവിത പറയുന്ന ചാറ്റുകളാണ് പുറത്തുവിട്ടത്. കാണാൻ ഓഫീസാണ് നല്ലതെന്ന് ആവശ്യപ്പെട്ടത് രാഹുൽ ആണെന്നും ഫെനി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസവും രാഹുലിനെ ന്യായീകരിച്ച് ഫെനി നൈനാൻ സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് വ്യാഴാഴ്ച ചില സ്‌ക്രീൻഷോട്ടുകളും പങ്കുവെച്ചത്. 2024-ൽ രാഹുൽ ബലാത്സംഗംചെയ്‌തെന്ന് പറയുന്ന പരാതിക്കാരി, 2025 ഒക്ടോബറിൽ രാഹുലിനെ കാണാനായി അവസരം ഒരുക്കണമെന്ന് അഭ്യർഥിച്ചിരുന്നതായാണ് ഫെനിയുടെ വാദം.
രാഹുല്‍ എംഎല്‍എയുടെ വിഷയത്തില്‍ തന്റെ പേര് പരാതിക്കാരി പരാതിയില്‍ പറഞ്ഞെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും തുടര്‍ന്ന് തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയാന്‍ മുഖ്യധാര മാധ്യമങ്ങള്‍ അവസരം തരാതെ ഇരുന്നപ്പോള്‍ താന്‍ അത് ഫേസ്ബുക്കിലൂടെ പൊതുവിടത്ത് പറഞ്ഞുവെന്നുമാണ് ഫെനി നൈനാന്‍ പറയുന്നത്. ഒരു കാര്യത്തിന്റെ രണ്ട് വശവും പറയാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ക്ക് ഉള്ളത്. അത് ശരിയാണോ എന്ന് അവര്‍ പരിശോധിക്കട്ടെ. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടതിന് ശേഷം രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്കെതിരെ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നത്. തന്നെയും കുടുംബത്തെയും വരെ ആക്രമിക്കുന്നു. അപ്പൊള്‍ കാര്യങ്ങള്‍ ഒന്നുകൂടി വിശദമാക്കാം എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
SUMMARY: Cyberbullying against Survivor. Case filed against Fenny Nainan














