ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16 അംഗ സംഘത്തെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ളവരെ വഞ്ചിച്ചാണ് സംഘം വന്‍ തുക തട്ടിയെടുക്കുന്നത്. എച്ച്എസ്ആര്‍ ലേഔട്ടില്‍ സൈബിറ്റ്‌സ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ബിപിഒ ഒരു വര്‍ഷത്തിലേറെയായി സജീവമായിരുന്നു.
പോലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിംഗ് പറയുന്നതനുസരിച്ച്, യുഎസ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ തുടങ്ങിയ അമേരിക്കന്‍ നിയമ നിര്‍വഹണ ഏജന്‍സികളിലെ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഇവര്‍ ആളുകളെ വഞ്ചിക്കുന്നത്.
വിദേശ പൗരന്മാരെ ഓണ്‍ലൈനില്‍ ബന്ധപ്പെടുകയും മയക്കുമരുന്ന് കടത്തിലോ കള്ളപ്പണം വെളുപ്പിക്കലിലോ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുകയും പിന്നീട് വിഷയം ഒത്തുതീര്‍പ്പാക്കുന്നതിന്റെ മറവില്‍ പണം കൈമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണ് പതിവ്.
പിടിയിലായവര്‍ എട്ട് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും നാല് പേര്‍ മേഘാലയയില്‍ നിന്നും ബാക്കിയുള്ളവര്‍ ഒഡീഷ, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുമാണ്. പ്രതികള്‍ സൈബര്‍ തട്ടിപ്പില്‍ പരിശീലനം നേടിയവരാണെന്നും പോലീസ് പറഞ്ഞു. റെയ്ഡില്‍ തട്ടിപ്പിന് ഉപയോഗിച്ച 41 കമ്പ്യൂട്ടര്‍, 25 മൊബൈല്‍ ഫോണുകള്‍, റൂട്ടറുകള്‍, ഐഡി കാര്‍ഡുകള്‍, ഹാജര്‍ രജിസ്റ്ററുകള്‍, കൈയെഴുത്ത് കോള്‍ സ്‌ക്രിപ്റ്റുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
SUMMARY: Digital fraud under the guise of fake BPO in Bengaluru; 16 people arrested