ബെംഗളൂരു: പഞ്ചാബി ഗായകനും നടനുമായ ദില്ജിത് ദോസാഞ്ചിന്റെ സംഗീതപരിപാടിയോടനുബന്ധിച്ച് ഇന്ന് തുമകൂരു റോഡിൽ ഗതാഗതം മന്ദഗതിയിലാകാൻ സാധ്യത. മാധവാരയിലെ ബംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിന് സമീപമുള്ള നൈസ് ഗ്രൗണ്ട്സിലാണ് ദോസാഞ്ചിന്റെ ‘റുപേ ഓറ ഇന്ത്യ ടൂർ 2026’ പരിപാടി നടക്കുന്നത്. വൈകിട്ട് നാലുമുതൽ അർധരാത്രിവരെയാണ് ഗതാഗതത്തിരക്ക് പ്രതീക്ഷിക്കുന്നത്.
നെലമംഗലയിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള തുമകൂരു റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീക്കം മന്ദഗതിയിലാകുമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. അദകമാരനഹള്ളി അണ്ടർപാസ്, ഹുസ്കൂർ ക്രോസ്, ടി.സി.ഐ. അണ്ടർപാസ്, ലക്ഷ്മിപുര ക്രോസ്, ബി. ഐ. ഇ. എസ് അണ്ടർപാസ്, ചിക്കബിദരകല്ലു അണ്ടർപാസ് എന്നിവിടങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
കെനമറ്റൽ വിഡിയ അപ്പ് റാംപ്, പീനിയ ഫ്ലൈഓവർ, എട്ടാം മൈൽ ജങ്ഷൻ, ദാസറഹള്ളി ജങ്ഷൻ, ജാലഹള്ളി ക്രോസ്, പീനിയ പോലീസ് സ്റ്റേഷൻ ജങ്ഷൻ, എസ്.ആർ.എസ്. ജങ്ഷൻ, ഗൊരഗുണ്ടെപാളയ ജങ്ഷൻ എന്നിവിടങ്ങളിലും ഗതാഗതം മന്ദഗതിയിലാകാം.
ഈ റോഡുകൾ ഉപയോഗിക്കുന്നവർ യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും അധിക സമയം കണക്കിലെടുത്ത് പുറപ്പെടണമെന്നും ട്രാഫിക് പോലീസ് നിർദേശിച്ചു. ഗതാഗത നിയന്ത്രണത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. പ്രത്യേകമായി പകരം റൂട്ടുകൾ നിർദേശിച്ചിട്ടില്ല.
SUMMARY: Diljit Dosanjh’s concert; potential for traffic congestion on Tumakuru Road















