ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. കർണാടകയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നു കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. പിണറായി വിജയന്റെ പരാമർശം നിർഭാഗ്യകരമാണെന്നും അദ്ദേഹത്തെപ്പോലുള്ള മുതിർന്ന നേതാക്കൾ വസ്തുതകൾ അറിയാതെ വിഷയത്തിൽ ഇടപെടരുതെന്നും ശിവകുമാർ പറഞ്ഞു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം പിണറായി വിജയനെതിരെ രംഗത്തെത്തിയത്. പൊതുഭൂമി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും നിയമപരമായ നടപടികളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന പ്രദേശങ്ങൾ തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നും ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടതെന്നും പിണറായി വിമർശിച്ചിരുന്നു.
പ്രസ്തുത പ്രദേശം കൈയേറ്റമാണെന്നും മാലിന്യക്കൂമ്പാരമാണെന്നും, അതിനെ ചേരിയാക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ഭൂമാഫിയ താൽപ്പര്യങ്ങളാണെന്നും ശിവകുമാർ മറുപടി നൽകി. ഞങ്ങൾക്ക് മനുഷ്യത്വമുണ്ട്. ആളുകൾക്ക് പുതിയ സ്ഥലങ്ങളിലേക്ക് മാറാൻ ഞങ്ങൾ അവസരം നൽകി. അവരിൽ ചുരുക്കം ചിലർ മാത്രമേ തദ്ദേശീയരായുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ബെംഗളൂരുവിലെ പ്രശ്നങ്ങൾ അറിയണം. ഞങ്ങൾക്ക് ഞങ്ങളുടെ നഗരം നന്നായി അറിയാം, ഭൂമാഫിയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ചേരികളെ പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
SUMMARY: ‘Don’t speak without knowing the facts’; DK Shivakumar responds to Pinarayi Vijayan














