പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി ഒരു ചിത്രമെത്തുകയാണ്. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ ദേശീയ പുരസ്‌കാര ജേതാവുമായ ഡോ . ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’ ആണ് 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പാപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി തിരഞ്ഞെടുത്തത്. പാപ്പുവ ന്യൂ ഗിനിയയുടെ ഓസ്കാര്‍ സെലക്ഷന്‍ കമ്മിറ്റി ആണ് ചിത്രം തിരഞ്ഞെടുത്തത്.
പാപ്പുവ ന്യൂ ഗിനിയുടെ ടൂറിസം-കൾച്ചറൽ മിനിസ്റ്റർ ബെൽഡൺ നോർമൻ നമഹ്, പാപ്പുവ ന്യൂ ഗിനി നാഷണല്‍ കള്‍ച്ചറല്‍ കമീഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റീവന്‍ എനോമ്പ് കിലാണ്ട, പാപ്പുവ ന്യൂ ഗിനി ഓസ്കാർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. ഡോൺ നൈൽസ് എന്നിവര്‍ ആണ് സിനിമ തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. 2025 പാപ്പുവ ന്യൂ ഗിനിയ സ്വാതന്ത്ര്യം നേടിയതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുക ആണ്. ഈ അവസരത്തില്‍ ആദ്യമായി ഒരു സിനിമ ഓസ്കാറിനു അയക്കാന്‍ സാധിക്കുന്നു എന്നത് പാപ്പുവ ന്യൂ ഗിനിയയിലെ സിനിമാ മേഖലയ്ക്ക് ഒരു വലിയ ഉണര്‍വ് ആണ് നല്‍കുന്നത് എന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയും പാപ്പുവ ന്യൂ ഗിനിയയും സംയുക്ത നിര്‍മാണ പങ്കാളികള്‍ ആയ ‘പപ്പ ബുക്ക’ പൂര്‍ണ്ണമായും പാപ്പുവ ന്യൂ ഗിനിയയില്‍ ആണ് ചിത്രീകരിച്ചത്. പാപ്പുവ ന്യൂ ഗിനിയന്‍ നിര്‍മാണ കമ്പനി ആയ നോലെൻ തൗല വുനം (NAFA പ്രൊഡക്ഷൻസ്), സംവിധായകൻ പാ രഞ്ജിത്ത്, അക്ഷയ്കുമാർ പരിജ (അക്ഷയ് പരിജ പ്രൊഡക്ഷൻസ്), പ്രകാശ് ബാരെ (സിലിക്കൺ മീഡിയ) എന്നിവർ ചേർന്നാണ് ഈ സിനിമ നിർമിക്കുന്നത്.
പാപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് ഭാഷകളും ചിത്രത്തില്‍ ഉണ്ട്. പാപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള 85 വയസ്സുള്ള ഗോത്ര നേതാവ് സൈൻ ബൊബോറോ ആണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. റിതാഭരി ചക്രവർത്തി, പ്രകാശ് ബാരെ, ജോൺ സൈക്ക്, ബാർബറ അനതു, ജേക്കബ് ഒബുരി, സാന്ദ്ര ദൗമ, മാക്സ് മാസോ പിപിസി എന്നിവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയ റിക്കി കെജ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. യെദു രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സഹാതിരക്കഥാകൃത്ത് ഡാനിയേൽ ജോണർദാഗട്ട് ആണ്. ‘പാപ്പാ ബുക്ക’ 2025 സെപ്റ്റംബർ 19 ന് പാപ്പുവ ന്യൂ ഗിനിയയിലെ തിയേറ്ററുകളിൽ പുറത്തിറങ്ങും. തുടർന്ന് ലോസ് ഏഞ്ചൽസിൽ അന്താരാഷ്ട്ര ഫെസ്റ്റിവൽ പ്രദർശനങ്ങളും ഓസ്കാർ പ്രചാരണ പരിപാടികളും നടക്കും.
SUMMARY: Dr. Biju’s ‘Papa Buka’ is Papua New Guinea’s first official entry to the Oscars.