ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ വീട്ടിൽ നടത്തിയ നടത്തിയ പരിശോധനയിൽ 1.41 കോടി രൂപയും കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് 6.75 കിലോഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയിലും പരിശോധനയിൽ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു. സതീഷ് സെയിലിന്റെ വീട് ഉൾപ്പെടെ കർണാടക, മഹാരാഷ്ട്ര, ഗോവ, ഡൽഹി എന്നിവിടങ്ങളി ലായി 13നും 14നും നടന്ന റെയ്‌ഡുകളിലാണ് ഇവ പിടിച്ചെടുത്തത്.
വനംവകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് ഉത്തരകന്നഡ ജില്ലയിലെ കാർവാറിലെ ബെലെക്കേരി തുറമുഖത്തുനിന്ന് മോഷ്ടിച്ചുകടത്തിയെന്നാണ് സതീഷ് സെയിൽ മാനേജിങ് ഡയറക്ടറായ ശ്രീമല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള സ്വകാര്യ കമ്പനികളുടെപേരിലുള്ള കേസ്. 2010ലെ ലോകായുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് സിബിഐയും അന്വേഷിച്ചിരുന്നു. മല്ലികാർജുൻ ഷിപ്പിങ് കമ്പനിക്കു പുറമേ ആശാ പുരമൈൻകെം, ശ്രീലാൽ മഹൽ, സ്വാസ്തിക് സ്റ്റീൽസ്, ഐഎൽസി ഇൻഡസ്ട്രീസ്, ശ്രീ ലക്ഷ്മി വെങ്കടേശ്വര മിനറൽസ് എന്നീ കമ്പനികളാണ് ഇ.ഡി അന്വേഷണം നേരിടുന്നത്.
2010-ൽ രജിസ്റ്റർചെയ്ത കടത്തുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ എംഎൽഎയ്ക്കും മറ്റ് ആറുപേർക്കും വിചാരണക്കോടതി ഏഴുവർഷം വീതം കഠിനതടവുശിക്ഷ വിധിച്ചെങ്കിലും നവംബർ 14നു കർണാടക ഹൈക്കോടതി ശിക്ഷനടപ്പാക്കുന്നത് സ്റ്റേചെയ്തു. എന്നാൽ, ഈ കേസിന്റെ അടിസ്ഥാനത്തിൽ ഇഡി കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
SUMMARY: ED raids Satish Krishna Sail’s house; Rs 1.41 crore and 6.75 kg gold seized