മുംബൈ: പോലീസ് സബ് ഇൻസ്പെക്ടർ ബലാത്സംഗം ചെയ്തെന്നാരോപിച്ച് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ സതാരയിലാണ് സംഭവം. അഞ്ച് മാസത്തിനിടെ നാലു തവണ എസ്‌ഐ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയെന്നുള്ള മരണക്കുറിപ്പ് യുവതിയുടെ കൈപ്പത്തിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
താൻ മരിക്കാൻ കാരണം എസ്‌ഐ ഗോപാല്‍ ബദ്നെയാണെന്നും അഞ്ച് മാസത്തോളം ശാരീരികമായും മാനസികമായും അയാള്‍ പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ കുറിപ്പിലുള്ളത്. ഫാല്‍ട്ടാൻ സബ് ഡിസ്ട്രിക്‌ട് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറായിരുന്നു യുവതി. ജൂണ്‍ 19ന് പീഡന വിവരങ്ങളും മറ്റ് രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ പേരുകളും പരാമർശിച്ച് യുവതി ഡിഎസ്പിക്ക് കത്തയച്ചിരുന്നു.
ബദ്നെ, സബ് ഡിവിഷണല്‍ പോലീസ് ഇൻസ്പെക്ടർ പാട്ടീല്‍, അസിസ്റ്റന്റ് പോലീസ് ഇൻസ്‌പെക്ടർ ലാഡ്‌പുത്രെ എന്നിവരുടെ പേരുകളായിരുന്നു അതിലുണ്ടായിരുന്നത്. ഇവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് നടപടിയൊന്നുമുണ്ടായില്ല. തുടർന്നാണ് യുവതിയുടെ ആത്മഹത്യ.
അതേസമയം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉത്തരവില്‍ ബദ്നയെ സസ്പെൻഡ് ചെയ്തു. ഭരണകക്ഷിയായ മഹായുതിയുടെ ഭാഗമായ ബിജെപി ഡോക്ടറുടെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കി. മുമ്പ് പരാതിപ്പെട്ടിട്ടും സഹായം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കാനും ഉത്തരവാദികള്‍ക്കെതിരെ കർശന നടപടിയെടുക്കാനും മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷൻ പോലീസിനോട് നിർദ്ദേശിച്ചു.
SUMMARY: Female doctor commits suicide alleging police harassment: Two officers named in note














