
മനില: തെക്കൻ ഫിലിപ്പീൻസിൽ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി 18 പേർ മരിച്ചു. ‘എം.വി തൃഷ കെർസ്റ്റിൻ’ എന്ന ബോട്ടാണ് മുങ്ങിയത്. തിങ്കളാഴ്ച പുലർച്ചയോടെ ബലൂക്-ബലൂക് ദ്വീപില്‍ നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് യാത്രക്കാരുമായി പോയപ്പോഴായിരുന്നു അപകടം. സംഭവം നടക്കുമ്പോൾ ബോട്ടിൽ 332 ജീവനക്കാരും 27 ജീവനക്കാരും അടക്കം 359 പേരാണ് ഉണ്ടായിരുന്നത്.
317 യാത്രക്കാരെ രക്ഷപ്പെടുത്തിയെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. കോസ്റ്റ് ഗാർഡും നാവികസേനയുടെ കപ്പലും നിരീക്ഷണ വിമാനവും വ്യോമസേനയുടെ ഹെലികോപ്റ്ററും പ്രാദേശിക മത്സ്യബന്ധന ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും രാത്രിയിലും തിരച്ചിൽ തുടരുമെന്നും ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് വക്താവ് നോമി കയാബ്യാബ് വ്യക്തമാക്കി.
മിൻഡാനോയുടെ തെക്കുപടിഞ്ഞാറൻ അറ്റത്തുള്ള സാംബോംഗ സിറ്റി തുറമുഖത്ത് നിന്ന് സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് പുറപ്പെട്ട എംവി ട്രിഷ കെർസ്റ്റിൻ 3 എന്ന ഫെറി ബസിലാൻ പ്രവിശ്യയുടെ തീരത്തുനിന്ന് ഏകദേശം ഒരു നോട്ടിക്കൽ മൈൽ അകലെയാണ് അപകടത്തിൽപ്പെട്ടത്. സാംബോവങ്ക സിറ്റിയിൽ നിന്നും പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം ശക്തമായ തിരയിൽ പെട്ട് ബോട്ടിന്റെ ഡെക്കിൽ വെള്ളം കയറുകയായിരുന്നു. ഫെറിയിൽ യാത്ര ചെയ്യുകയായിരുന്ന കോസ്റ്റ് ഗാർഡിന്റെ സുരക്ഷാ ഓഫിസർ അപായ സന്ദേശം നൽകുകയായിരുന്നെന്ന് കോസ്റ്റ് ഗാർഡ് കമാൻഡർ റോമൽ ദുവ പറഞ്ഞു.
ബോട്ട് മുങ്ങിയതിന്റെ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. യാത്രക്കാരുമായി പുറപ്പെടുന്നതിന് മുമ്പ് ബോട്ട് വൃത്തിയാക്കിയെന്നും അമിതഭാരത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു














