
ബെംഗളൂരു: തിരുവനന്തപുരത്ത് നാളെ മുതല്‍ 31 വരെ നടക്കുന്ന അഞ്ചാമത് ലോക കേരളസഭയിലേക്ക് കർണാടകയിൽ നിന്നുള്ള പ്രതിനിധികളായി ഇത്തവണ ഏഴ് പേരെ തിരഞ്ഞെടുത്തു. കേരളസമാജം ബാംഗ്ലൂർ ജനറൽ സെക്രട്ടറിയും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളീ അസോസിയേഷൻസ് (ഫെയ്മ ) ദേശീയ ജനറൽ സെക്രട്ടറിയുമായ റജികുമാര്‍, സുവർണ കർണാടക കേരളസമാജം സംസ്ഥാന സെക്രട്ടറി കെ പി ശശിധരൻ, കലാ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് കെ ജോര്‍ജ്, ബെംഗളൂരുവിലെ വ്യവസായി സന്ദീപ് കൊക്കൂണ്‍, കേരള സമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് എക്സിക്യുട്ടീവ് അംഗവും വ്യവസായിയുമായ ബിനോയ് എസ് നായര്‍, നവോദയ ബൊമ്മനഹള്ളി ജനറൽ സെക്രട്ടറി അബ്ദുൾ ഗഫൂർ, ബെംഗളൂരുവില്‍ എക്സ്പോര്‍ട്ട്-ഇംപോര്ട്ട് മേഖലയിൽ കണ്‍സള്‍ട്ടന്റായി ആയി പ്രവര്‍ത്തിക്കുന്ന സുരേന്ദ്രന്‍ കൊല്ലറേത്ത് എന്നിവരെയാണ് തിരഞ്ഞെടുത്തത്.
മലപ്പുറം കല്ലൂർമ സ്വദേശിയായ കെ പി ശശിധരന്‍ നാലാമത്തെ തവണയാണ് പ്രതിനിധിയായി പങ്കെടുക്കുന്നത്. ആലപ്പുഴ വെൺമണി സ്വദേശിയാണ് റജികുമാർ. ഇത് രണ്ടാം തവണയാണ് ലോക കേരളസഭയിയില്‍ പ്രതിനിധിയായി പങ്കെടുക്കുന്നത്. പാലക്കാട് സ്വദേശിയായ സന്ദീപ് കൊക്കൂണ്‍, പത്തനംതിട്ട സ്വദേശികളായ ഫിലിപ്പ് കെ ജോർജ്, ബിനോയി എസ് നായര്‍ എന്നിവരും രണ്ടാം തവണയാണ് പങ്കെടുക്കുന്നത്. പത്തനംതിട്ട സ്വദേശിയാണ് അബ്ദുല്‍ ഗഫൂര്‍. സുരേന്ദ്രൻ കൊല്ലറേത്ത് കണ്ണൂര്‍ സ്വദേശിയാണ്. ആദ്യമായാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.
ജനുവരി 29 ന് വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന അഞ്ചാം ലോക കേരള സഭയുടെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കർ എ എൻ ഷംസീർ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യപ്രഭാഷണം നിർവഹിക്കും. പൊതുയോഗത്തിന് ശേഷം ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാപരിപാടി നടക്കും.
31ന് രാവിലെ നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ രാവിലെ 9 മുതൽ 10.15 വരെ 7 മേഖലാ യോഗങ്ങളുടെയും 8 വിഷയാടിസ്ഥാനത്തിലുള്ള സമിതിയുടെയും റിപ്പോർട്ടിങ് നടക്കും. തുടർന്ന് വീഡിയോ, പ്രമേയ അവതരണങ്ങളും പ്രസംഗങ്ങളും. ഉച്ചയ്ക്ക് 2.30ന് മുഖ്യ മന്ത്രിയുടെ മറുപടി പ്രസംഗം. 3ന് സ്പീക്കറുടെ സമാപന പ്രസംഗത്തോടെ അഞ്ചാം ലോക കേരളസഭയ്ക്ക് സമാപനമാകും.
SUMMARY: Fifth World Kerala Sabha; This time seven people from Karnataka













