തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ പ്രകടനം. രാത്രി എട്ടുമണിയോടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും കല്ലേറുമുണ്ടായി. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. കല്ലേറില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
നേരത്തെ നടന്ന സിപിഎം മാര്‍ച്ചില്‍ സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡ് ആക്രമിച്ചിരുന്നു. ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതാണ് ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്നു ബിജെപി പ്രവര്‍ത്തകര്‍ പഴയനടക്കാവില്‍നിന്ന് സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചായി എത്തുകയായിരുന്നു. മാര്‍ച്ച് തടഞ്ഞതോടെ പോലീസുമായി ബിജെപി പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. പിന്നീട് കല്ലേറിലേക്കും ലാത്തിച്ചാര്‍ജിലേക്കും പ്രതിഷേധം വഴിവെച്ചു.
വോട്ടര്‍പ്പട്ടിക ക്രമക്കേടിലും കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിലും വൈകീട്ട് അഞ്ചിന് സിപിഎം സുരേഷ് ഗോപിയുടെ ചേരൂരിലെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സ്ത്രീകളുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത മാർച്ച് ഓഫിസ് പരിസരത്ത് പോലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ കേന്ദ്രമന്ത്രിയുടെ ഓഫിസ് ബോർഡിലേക്ക് കരി ഓയിൽ ഒഴിച്ചു. പ്ലക്കാര്‍ഡുകളുമായാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.
SUMMARY: Fighting and clashes in Thrissur; Stone pelting between CPM and BJP workers