കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ ഡെലിവറി തൊഴിലാളികൾ ആണ്പണിമുടക്കുന്നത്. കുറഞ്ഞ വേതനം, തൊഴിൽ സുരക്ഷ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്ക് പരിഹാരം തേടിയാണ് ഈ ഗിഗ് തൊഴിലാളികളുടെ പണിമുടക്ക് പ്രഖ്യാപനം.
തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയൻ (റ്റിജിപിഡബ്ല്യൂയു), ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (ഐഎഫ്എറ്റി) എന്നിവരുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്. മഹാരാഷ്ട്ര, കർണാടക, ഡൽഹി-എൻസിആർ, പശ്ചിമ ബംഗാൾ, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂണിയനുകൾ ഉൾപ്പെടെ ഒന്നിലധികം പ്രാദേശിക കൂട്ടായ്മകളുടെ പിന്തുണയോടെയാണ് പണിമുടക്ക് നടക്കുന്നത്. ഡെലിവറി സമയം വേഗത്തിലാക്കണമെന്ന ആവശ്യം വർദ്ധിച്ചു വരുന്നുണ്ടെങ്കിലും അതിന് അനുസൃതമായി തൊഴിലാളികൾക്ക് ന്യായമായ വേതനമോ സ്ഥിരമായ തൊഴിൽ സാഹചര്യങ്ങളോ ലഭിക്കുന്നില്ലെന്ന് യൂണിയൻ നേതാക്കൾ പറയുന്നു.’10 മിനിറ്റ് ഡെലിവറി’ എന്ന രീതി അവസാനിപ്പിക്കണം എന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇതിനു പുറമേ സുതാര്യമായ വേതനം, അപകട ഇൻഷുറൻസ്, പെൻഷൻ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയും ആവശ്യപ്പെടുന്നു. നിർബന്ധിത വിശ്രമ ഇടവേളകളും ന്യായമായ ജോലി സമയവും. സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സുരക്ഷാ നടപടികൾ. ജോലിസ്ഥലത്ത് ബഹുമാനവും, ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നുള്ള മാനുഷികമായ പെരുമാറ്റവും തൊഴിലാളികൾ ആഗ്രഹിക്കുന്നു.
ഭക്ഷ്യ വിതരണം, ക്വിക്ക് കൊമേഴ്‌സ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഒരു ലക്ഷത്തിലധികം ഡെലിവറി തൊഴിലാളികൾ പുതുവത്സരാഘോഷത്തിൽ ആപ്പുകളിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുകയോ, ജോലി ഗണ്യമായി കുറയ്ക്കുകയോ ചെയ്യുമെന്നാണ് യൂണിയൻ നേതാക്കൾ അറിയിക്കുന്നത്. പുതുവത്സരത്തെ വരവേൽക്കാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകളുടെ പ്രവർത്തനത്തെ പണിമുടക്ക് സാരമായി ബാധിക്കും.
SUMMARY: Food delivery will be disrupted on New Year’s Day, nationwide strike by online delivery workers tomorrow














