കൊച്ചി: നടൻ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളിയില്‍ ഉണ്ടായ തടസ്സം മൂലം ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിക്കാണ് മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി ആശ്വാസമേകിയത്. കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി. കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ ആണ് കുട്ടിയുടെ വിഷയം മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ദിവസവേതനത്തില്‍ ജോലിചെയ്യുന്ന കുട്ടിയുടെ പിതാവിന്റെ വരുമാനത്തിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. അതിനാല്‍ തന്നെ ചികിത്സയുടെ തുക ആ കുടുംബത്തിന് താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു. ഈ ദുരവസ്ഥ മനസ്സിലാക്കിയ മമ്മൂട്ടി കുട്ടിയെ വാത്സല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ നിർദ്ദേശം നല്‍കുകയായിരുന്നു.
കെയർ ആന്റ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൃശൂർ സ്വദേശിയുടെ അഞ്ചു വയസ്സുള്ള മകള്‍ക്ക് ശസ്ത്രക്രിയ നടത്തിയത്. രാജഗിരി ആശുപത്രിയില്‍ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോക്ടർ വിനീത് വിനുവിന്റെ നേതൃത്വത്തില്‍ ആയിരുന്നു പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്.
സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് റോബോട്ടിക് ശസ്ത്രക്രിയകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയാണ് വാത്സല്യം.
SUMMARY: Mammootty’s intervention; Free robotic surgery for a five-year-old girl through the ‘Vatsalyam’ project