ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര ‘ഗെയിം ഓഫ് ത്രോൺസ്’ താരം നിക്കൊളായ് കോസ്റ്റർ വാൾദാവുവിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ‘ഗെയിം ഓഫ് ത്രോൺസി’ലെ ജെയ്മി ലാനിസ്റ്റർ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ കോസ്റ്റർ വാൾദാവു ചെറു സംഘത്തോടൊപ്പമാണ് കഫേയിലെത്തിയത്.
അപ്രതീക്ഷിതമായുള്ള താരത്തിന്റെ വരവ് ആരാധാകരെ ആവേശത്തിലാഴ്ത്തി. താരത്തിനൊപ്പം ഇവർ പകർത്തിയ ഫോട്ടോകളും കഫേയിലെ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന കോസ്റ്റർ വാൾദാവുവിന്റെ ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങൾ കീഴടക്കുന്നത്. സെൽഫിയും വിഡിയോയും എടുക്കണമെന്ന ആരാധകരുടെ ആവശ്യവും കോസ്റ്റർ വാൾദാവു സാധിച്ചു കൊടുത്തു. താരത്തിനു ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് രാമേശ്വരം കഫേയും ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ലോകമെമ്പാടും ആരാധകരുള്ള ‘ഗെയിം ഓഫ് ത്രോൺസിലെ’ 8 സീസണുകളിലും നിറഞ്ഞു നിന്ന ശ്രദ്ധേയമായ പ്രകടനമാണ് കോസ്റ്റർ വാൾദാവു നടത്തിയത്. 1993 മുതൽ അഭിനയരംഗത്ത് സജീവമായ കോസ്റ്റർ വാൾദാവു നാൽപതോളം സിനിമകളിലും 11 ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
SUMMARY: Game of Thrones’ star Nikolaj Coster-Waldau spotted at Bengaluru’s Rameshwaram Cafe.