തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി 93.72 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു.പെൻഷൻ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ വർഷം ഇതിനകം 1,201.56 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി നല്‍കിയത്.
പെൻഷൻ വിതരണത്തിന് 731.56 കോടി രൂപയും പ്രത്യേക സഹായമായി 470 കോടി രൂപയുമാണ് ലഭിച്ചത്. ഈ വർഷം ബഡ്ജറ്റില്‍ കോർപ്പറേഷനായി നീക്കിവച്ചത് 900 കോടി രൂപയാണ്. ബഡ്ജറ്റ് വകയിരുത്തലിനുപുറമെ 301.56 കോടി രൂപകൂടി ഇതിനകം കെഎസ്‌ആർടിസിക്ക് ലഭ്യമായി. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 8,027.72 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ഇതുവരെ ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ 5,002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകള്‍ ചേർന്ന് ആകെ 13,029.72 കോടി രൂപയാണ് കോർപ്പറേഷന് സഹായമായി നല്‍കിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അഞ്ചുവർഷത്തില്‍ നല്‍കിയതാകട്ടേ 1,467 കോടി രൂപയും. അതേസമയം, പുതുവർഷ സമ്മാനമായി മൂന്നാറിന് ലഭിച്ച കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ റോയല്‍ വ്യൂ ഡബിള്‍ഡക്കർ ബസ് സർവീസ് ആരംഭിച്ചു.
മൂന്നാർ ഡിപ്പോയില്‍ നടന്ന ചടങ്ങില്‍ എ രാജ എംഎല്‍എയാണ് ഉദ്ഘാടനം നിർവഹിച്ചത്. കെഎസ്‌ആർടിസി എംഡി പി എസ് പ്രമോജ് ശങ്കർ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് മൂന്നാറില്‍ ആദ്യത്തെ റോയല്‍ വ്യൂ ഡബിള്‍ഡക്കർ ബസ് സർവീസ് തുടങ്ങിയത്. 1.25 കോടിയിലധികം വരുമാനമാണ് ഇതിലൂടെ കെഎസ്‌ആർടിസിക്ക് ലഭിച്ചത്.
SUMMARY: Government assistance to KSRTC again; Rs 93.72 crore allocated














