ബെംഗളൂരു: ബിബിഎംപി തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ബിബിഎംപി തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നതു ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിശദീകരണം.
ഭരണ നിർവഹണം കാര്യക്ഷമമാക്കാൻ ബിബിഎംപിയെ ചെറു കോർപറേഷനുകളാക്കി വിഭജിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നഗരം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണിത്. പുതിയ കോർപറേഷനുകളിലെ വാർഡുകളുടെ അതിർത്തി നിർണയം പൂർത്തിയാക്കി അന്തിമ വിജ്ഞാപനം നവംബർ ഒന്നിന് പുറത്തിറങ്ങും. സംവരണ വാർഡുകൾ സംബന്ധിച്ച അന്തിമ വിജ്ഞാപനം നവംബർ 30നും പുറത്തിറക്കും. നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കി തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
നേരത്തേ ബിബിഎംപി 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിന്റെ അതിർത്തി നിർണയത്തിന്റെ കരട് സർക്കാർ പുറത്തിറക്കിയിരുന്നു. 2015 ഏപ്രിലിലാണ് ഒടുവിൽ ബിബിഎംപി തിരഞ്ഞെടുപ്പ് നടന്നത്.
SUMMARY: Karnataka government has informed the Supreme Court that the BBMP elections are scheduled to take place after November.