തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,കാസറഗോഡ് ജില്ലകളിലാണ് ജാഗ്രത. 60 കി മീറ്റര്‍ വേഗത്തില്‍ കാറ്റുവീശാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
കണ്ണൂരില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവായി. വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. പത്തനംതിട്ട ജില്ലയില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. 25.82 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശം സംഭവിച്ചു. താമരശ്ശേരിയില്‍ റോഡിലേക്ക് മരം വീണു. ഒമ്പതാം വളവിനു താഴെ റോഡില്‍ പാറക്കല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പഴശ്ശി ഡാമിന്റെ 13 ഷട്ടറുകള്‍ മൂന്ന് മീറ്റര്‍ വീതവും ഒരു ഷട്ടര്‍ 2.5 മീറ്ററും ഉയര്‍ത്തി.
ഇരിട്ടി മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പുഴകളില്‍ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയമുയര്‍ന്നിട്ടുണ്ട്. മേഖലയിലെ ചില വീടുകളില്‍ വെള്ളം കയറി.
ബംഗാൾ ഉൾക്കടലിനു മുകളിൽ അതി തീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. തീരദേശ മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പു നൽകി. അതേസമയം, കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
SUMMARY: Heavy rain; Yellow alert in nine districts of the state today