കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ ജില്ലയിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
അഫ്ഗാന്റെ വിവിധ പ്രദേശങ്ങളിലെ കനത്ത മഞ്ഞുവീഴ്ചയും ജനങ്ങളെ വലയ്ക്കുകയാണ്. ദീർഘകാലത്തെ വരൾച്ചയ്ക്ക് പിന്നാലെ എത്തിയ കനത്ത മഴയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ വെള്ളപ്പൊക്കത്തിലാക്കിയത്.
മധ്യ, വടക്കൻ, പടിഞ്ഞാറൻ മേഖലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. 1800ലേറെ കുടുംബങ്ങളെ പ്രളയം ബാധിച്ചെന്നാണ് ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകള്‍.
മഴയിലും വെള്ളപ്പൊക്കത്തിലും നൂറുകണക്കിന് വീടുകൾ പൂർണ്ണമായും തകർന്നു. കൃഷിയിടങ്ങളും റോഡുകളും നശിക്കുകയും നിരവധി കന്നുകാലികൾ ചാവുകയും ചെയ്‌തിട്ടുണ്ട്. ഉൾനാടൻ ഗ്രാമങ്ങളിൽ പലതും ഒറ്റപ്പെട്ട നിലയിലാണ്.
വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം നിർദ്ദേശിച്ചു. കാലാവസ്ഥാ വ്യതിയാനവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ദുരന്തത്തിൻ്റെ ആഘാതം വർദ്ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. പ്രളയബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ട്. അതേസമയം
വ്യാഴാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂലചനം അഫ്ഗാനിസ്ഥാന്റെ വിവിധ പ്രദേശങ്ങളിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
SUMMARY : Heavy rains and flash floods in Afghanistan; 17 dead














