കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.ഐ.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനാവശ്യത്തിനായി വിട്ടുനല്‍കാം എന്ന് ഹൈക്കോടതി. ലോറൻസിന്റെ മകള്‍ ആശ ലോറൻസ് നല്‍കിയ പുനഃപരിശോധനാ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളി. ഇതോടെ, മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ വഴി തുറന്നു.
എം.എം ലോറൻസിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് മകള്‍ ആശാ ലോറൻസ് ഹൈക്കോടതിയെ സമീപിച്ചത്. ലോറൻസ് അന്തരിച്ചതിനു പിന്നാലെ, മകൻ എം.എല്‍ സജീവൻ പിതാവിൻ്റെ മൃതദേഹം മെഡിക്കല്‍ വിദ്യാർത്ഥികളുടെ പഠനത്തിനായി വിട്ടുനല്‍കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആശ ആദ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷൻ ബെഞ്ചിനെയും സമീപിച്ചത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആദ്യം ഉത്തരവ് തള്ളിയതിനെ തുടർന്ന് ആശ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. തുടർന്നാണ്, ലോറൻസിൻ്റേതെന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം സഹിതം ആശാ ലോറൻസ് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹർജി നല്‍കിയത്. ഈ സന്ദേശത്തില്‍, തനിക്ക് സ്വർഗത്തില്‍ പോയി യേശുവിനെ കാണണമെന്നും മകള്‍ പറയുന്നിടത്ത് സംസ്കരിക്കണമെന്നും ലോറൻസ് പറയുന്നതായി അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ ഹർജിയാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തള്ളിയിരിക്കുന്നത്.
SUMMARY: High Court allows release of M.M. Lawrence’s body for research purposes














