ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ . ചെന്നൈ മെട്രോപോളിറ്റീൻ ട്രാൻസ്പോർട്ട് കോർപറേഷനും (എംടിസി) ബസുകൾ വാടകയ്ക്ക് എടുത്ത് സർവീസ് നടത്താനാണ് അനുമതി നൽകിയത്.
സർക്കാർ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ബസുകളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015-16 കാലയളവിൽ 22,474 ബസുകളുണ്ടായിരുന്നു. എന്നാൽ 2025-26 കാലയളവിൽ 20,508 ബസുകളായി കുറഞ്ഞു. 2026ഓടെ 11,507 പുതിയ ബസുകൾ നിരത്തിലിറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ 3,500 എണ്ണം മാത്രമാണ് വാങ്ങാൻ സാധിച്ചത്. ഈ സാഹചര്യത്തിലാണ് സ്വകാര്യ പങ്കാളിത്തത്തോടെ പ്രതിസന്ധി മറികടക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.
യാത്രനിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം ബസുകൾ വാടകയ്ക്ക് എടുക്കുന്നത് മൂലം സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണുണ്ടാകുകയെന്ന് സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷൻ എംപ്ലോയീസ് യൂണിയൻ പ്രതിനിധികൾ ആരോപിച്ചു.
SUMMARY: Huge increase in passenger numbers; no buses to run, government to hire private buses














