കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ, ഛായാഗ്രഹകന്‍ സമീര്‍ താഹിർ എന്നിവരാണ് കേസിലെ പ്രതികള്‍. സമീര്‍ താഹിറിന്റെ അറിവോടെയാണ് ഫ്‌ളാറ്റിലെ ലഹരി ഉപയോഗമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
എന്നാല്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയ ഇടനിലക്കാരനെ കണ്ടെത്താനായില്ല. കോഴിക്കോട് സ്വദേശിയായ നവീന്‍ എന്ന യുവാവാണ് ലഹരി കൈമാറിയത് എന്നായിരുന്നു പ്രതികള്‍ നല്‍കിയ മൊഴി. എന്നാല്‍ ഇക്കാര്യത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രലിലാണ് 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ പിടിയിലാകുന്നത്. സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ചാണ് എക്സൈസ് പിടികൂടിയത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടിരുന്നു. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലാകുന്നത്.
രഹസ്യവിവരത്തെത്തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് സംവിധായരും ഛായാഗ്രാഹകനും ഉള്‍പ്പെടെയുള്ളവര്‍ പിടിയിലാകുന്നത്. കഞ്ചാവ് പിടികൂടിയ പശ്ചാത്തലത്തില്‍ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരെ ഡയറക്ടേഴ്സ് യൂണിയനില്‍ നിന്ന് ഫെഫ്ക നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
SUMMARY: Hybrid cannabis case involving young directors: Chargesheet filed













