ഇറ്റാനഗര്‍: യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങിയതായി റിപ്പോര്‍ട്ട്. ബ്രഹ്‌മപുത്ര നദീതടത്തിന്റെ പ്രധാന പോഷകനദികളിലൊന്നായ ദിബാങ്ങില്‍ 17,069 കോടി രൂപ ചെലവില്‍ 278 മീറ്റര്‍ ഉയരത്തിലാണ് ഇന്ത്യയുടെ അണക്കെട്ട് പദ്ധതിയിടുന്നത്.
പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷനാണ് അണക്കെട്ടിന്റെ നിര്‍മാണ ചുമതല. 2880 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനം കൂടി ലക്ഷ്യമിടുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള ആഗോള ടെന്‍ഡര്‍ വിളിച്ചു. 2032 ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കുന്ന നിലയിലാണ് പദ്ധതി ഒരുങ്ങുന്നത്. പദ്ധതി സാധ്യമാകുന്നതോടെ അരുണാചല്‍ പ്രദേശിന് പ്രതിവര്‍ഷം 700 കോടി രൂപയുടെ സൗജന്യ വൈദ്യുതി ലഭിക്കും.
ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് എന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ച് വൈദ്യുത പദ്ധതികളും അണക്കെട്ടിന്റെ ഭാഗമായിട്ടുണ്ട്.
ചൈനീസ് അണക്കെട്ടില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം തുറന്നുവിടുന്ന നിലയുണ്ടായാല്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ബാധിക്കുമെന്ന് നേരത്തെ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇന്ത്യയും അണക്കെട്ട് നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലദേശിലേക്കും ഒഴുകുന്ന വെള്ളത്തിന്റെ അളവിനെ ബാധിക്കില്ലെന്നാണ് ചൈനയുടെ വാദം.
SUMMARY: India to build a huge dam on Brahmaputra