ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20 കാരനാണ് കൊല്ലപ്പെട്ടത്. ടൊറന്റോ സർവകലാശാലയിലെ വിദ്യാർഥിയായിരുന്നു ശിവാങ്ക്. ടൊറന്റോയില്‍ ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന 41-ാമത്തെ കൊലപാതകമാണിതെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച വൈകുന്നേരം ഏകദേശം 3:30-ഓടെയാണ് സംഭവത്തെ കുറിച്ച് വിവരം ലഭിക്കുന്നതെന്ന് ടൊറന്റോ പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. വനമേഖലയിലെ നടപ്പാതയിലൂടെ പോയെ ആളാണ് ശിവങ്കിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് എത്തുന്നതിന് മുമ്പ് തന്നെ പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ടൊറന്റോ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അക്രമിയെക്കുറിച്ച് നിലവില്‍ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ ടൊറന്റോയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ദുഖം രേഖപ്പെടുത്തി. ശിവാങ്കിന്റെ കുടുംബവുമായി കോണ്‍സുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
SUMMARY: Indian student shot dead in Canada














