ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തില്‍ ഗാസ സിറ്റിയില്‍ നിന്ന് പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍. രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയില്‍ ഗാസ സിറ്റിയില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും ക്രൂരമായ ആക്രമണമാണ് കഴിഞ്ഞ ദിവസം നടന്നത്. ഒരിക്കലും തിരിച്ച് വരാനാകാത്ത രീതിയിലാണ് ഗാസ സിറ്റിയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആയിരക്കണക്കിന് പലസ്തീനികളാണ് വടക്കൻ ഗാസയിൽ നിന്ന് പാലായനം ചെയ്യാൻ ശ്രമിക്കുന്നത്. ഇന്നലെ മാത്രം 90 പേരാണ് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ കൊല്ലപ്പെട്ടത്.
ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാൻ കൂടുതൽ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേൽ നീക്കം. കരയുദ്ധം ആരംഭിച്ചതോടെ ‘ഗാസ കത്തുകയാണ്’ എന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രതികരിച്ചു. ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സാണ് ഗാസ സിറ്റിയിൽ കരമാർഗ്ഗമുള്ള ആക്രമണം ആരംഭിച്ചതായി അറിയിച്ചത്. ഗാസ കത്തുകയാണെന്ന് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തു. ‘ഭീകരവാദികളുടെ അടിസ്ഥാന സൗകര്യങ്ങളെ ഇസ്രായേലി ഡിഫൻസ് ഫോഴ്സ് ശക്തമായി ആക്രമിക്കുന്നു. ബന്ദികളെ മോചിപ്പിക്കാനും ഹമാസിനെ പരാജയപ്പെടുത്താനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ഐഡിഎഫ് സൈനികർ ധീരമായി പോരാടുന്നു,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴുതപ്പുറത്തും വാഹനങ്ങളിലും തങ്ങളുടെ അവശ്യ സാധനങ്ങളുമായി പലായനം ചെയ്യുന്ന ഗാസക്കാരുടെ ചിത്രം അന്താരാഷ്ട്ര തലത്തില്‍ പ്രചരിക്കുന്നുണ്ട്. ഗാസ സിറ്റി ഏറ്റെടുക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ ഗാസ സിറ്റിയില്‍ തന്നെ തങ്ങാന്‍ നിരവധിപ്പേര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ബോംബാക്രമണത്തിലൂടെ കൂടുതല്‍ പേരും തെക്ക് ഭാഗത്തേക്ക് പലായനം ചെയ്യുകയാണ്.
SUMMARY: Israel intensifies ground war in Gaza; Palestinian death toll rises to 90, mass exodus in Gaza Strip