ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ നടൻ ദർശൻ. വീഡിയോ കോൺഫറൻസ് മുഖേന കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നടൻ വികാരാധീനനയാത്. രേണുകാസ്വാമി കൊലക്കേസിൽ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണ് ദർശൻ.വേറെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ബെംഗളൂരുവിലെ സിറ്റി സിവിൽ കോടതി പരിഗണിക്കുമ്പോഴായിരുന്നു നാടകീയരംഗങ്ങൾ അരങ്ങേറിയത്. എന്നാൽ, ഇത്തരം നടപടികളെ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ജയിൽ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.
പരപ്പന അഗ്രഹാര ജയിലിൽനിന്ന് ബല്ലാരി ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ദർശൻ ഹർജി സമർപ്പിച്ചത്. പരപ്പന അഗ്രഹാര ജയിലിൽ വളരെ മോശപ്പെട്ടനിലയിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും സൂര്യപ്രകാശം കണ്ടിട്ടു നാളുകളായെന്നും കരഞ്ഞുകൊണ്ടു പറഞ്ഞ ദർശൻ കൈകളിൽ ഫംഗസ് ബാധയുണ്ടായെന്നും ചൂണ്ടിക്കാട്ടി. ജയിലിൽ രണ്ട് കിടക്കവിരികളും രണ്ട് തലയണകളും നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. ഇത് അനുവദിക്കാൻ നിർദേശിച്ച കോടതി, ജയിലെ പെരുമാറ്റച്ചട്ടം അനുസരിച്ചുള്ള സൗകര്യങ്ങൾമാത്രമേ പാടുള്ളൂവെന്നും വ്യക്തമാക്കി. നിലവിൽ ജയിൽമാറ്റേണ്ട കാര്യമില്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
നടിയും ദർശന്റെ സുഹൃത്തുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങൾ അയച്ചതിനെത്തുടർന്നാണ് ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കേസിൽ പവിത്ര ഗൗഡ ഒന്നാം പ്രതിയും ദർശൻ രണ്ടാം പ്രതിയുമാണ്. 131 ദിവസം ജയിലിൽ കഴിഞ്ഞതിന് പിന്നാലെ, 2024 ഒക്ടോബർ 30ന് കർണാടക ഹൈകോടതി ദർശന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിന്നാലെ, ഡിസംബർ 13ന് കോടതി ദർശനും പവിത്ര ഗൗഡയ്ക്കും സ്ഥിരം ജാമ്യവും അനുവദിച്ചു. എന്നാൽ, ഇതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. തുടർന്ന് ഓഗസ്റ്റ് 14 ന് ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.