ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു. ഭീകരവാദത്തെ മഹത്വവല്‍ക്കരിച്ചു, തെറ്റായ വിവരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു, വിഘടനവാദത്തെ പ്രേരിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
നിരോധിച്ച കൃതികളില്‍ അന്തരിച്ച ഭരണഘടനാ വിദഗ്ധൻ എ.ജി. നൂറാനിയുടെ ‘ദി കശ്മീർ ഡിസ്പ്യൂട്ട് 1947-2012 ‘ എന്ന പുസ്തകവും ഉള്‍പ്പെടുന്നു. ലഫ്റ്റന്റ് ഗവർണറുടെ നിർദേശപ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. സുമാന്ത്ര ബോസിന്റെ കശ്മീർ അറ്റ് ദ ക്രോസ്റോഡ്സ് ആൻഡ് കണ്ടസ്റ്റഡ് ലാൻഡ് എന്ന പുസ്തകവും നിരോധിച്ചിട്ടുണ്ട്. ജമ്മുകശ്മീർ ആഭ്യന്തരമന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്.
നിരോധന ഉത്തരവില്‍ പ്രിൻസിപ്പല്‍ സെക്രട്ടറി ചന്ദ്രകേർ ഭാരതി ഒപ്പുവെച്ചു. കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാനപദവി നല്‍കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് സർക്കാർ നടപടി. പുസ്തകങ്ങള്‍ യുവാക്കളെ തെറ്റായി സ്വാധീനിക്കുമെന്ന് നിരോധന ഉത്തരവില്‍ വ്യക്തമാക്കുന്നു.
ജമ്മുകശ്മീരിലെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദം വളർത്തുന്നതില്‍ ഇത്തരം പുസ്തകങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നാണ് ജമ്മുകശ്മീർ ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന പുസ്തകങ്ങള്‍ ഭീകരരെ ഹിറോകളായി ചിത്രീകരിക്കുകയും ചെയ്യുകയാണെന്നും ജമ്മുകശ്മീർ സർക്കാർ വ്യക്തമാക്കുന്നു.
അക്രമത്തിലേക്കുള്ള വഴി തുറക്കുന്നതാണ് പുസ്തകങ്ങളിലെ ഉള്ളടക്കം. പല പ്രമുഖ പബ്ലിഷിങ് ഹൗസുകള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ഇത്തരത്തില്‍ നിരോധിച്ചത്. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി പ്രസ്, ഓക്സ്ഫോഡ് യുനിവേഴ്സിറ്റി പ്രസ് തുടങ്ങിയ പ്രമുഖ പബ്ലിഷർമാരുടെ പുസ്തകങ്ങളെല്ലാം നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ഭാരതീയ ന്യായ് സൻഹിതയിലെ 98ാം വകുപ്പ് പ്രകാരമാണ് ലഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരം നടപടിയെടുത്തത്.
SUMMARY: Jammu and Kashmir government bans 25 books by Arundhati Roy for glorifying terrorism