തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ട്. 76230 വിദ്യാർഥികളാണ് യോഗ്യത നേടിയത്. പുതിയ പട്ടികയിൽ ആദ്യത്തെ 100 റാങ്കിൽ 21 വിദ്യാർഥികൾ സംസ്ഥാന സിലബസ് പഠിച്ചവരാണ്. നേരത്തെ ഇത് 43 ആയിരുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ സംസ്ഥാന തലത്തിൽ അഞ്ചാം റാങ്ക് നേടിയ തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വ ജേക്കബ് തോമസ് പുതിയ ലിസ്റ്റിൽ ഒന്നാമതാണ്. എഞ്ചിനിയറിങ്ങിലാണ് ജോഷ്വക്ക് ഒന്നാം റാങ്ക്. അതേസമയം പഴയ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ ജോൺ ഷിനോജ് പുതിയ ലിസ്റ്റിൽ ഏഴാമതാണ്. ചെറായി സ്വദേശി ഹരികൃഷ്ണൻ ബൈജുവാണ് രണ്ടാം റാങ്ക് നേടിയിരിക്കുന്നത്.
കേരള സിലബസുകാർ പിന്നിൽ പോയി. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പരീക്ഷയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് നേരത്തെ നിശ്ചയിച്ച പ്രോസ്പെക്ടസ് പ്രകാരം പുതിയ ഫലം പ്രഖ്യാപിച്ചത്. കീം പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ, വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. വിഷയത്തില്‍ തുടർച്ചയായി രണ്ടാം ദിവസമാണ് സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിടുന്നത്.
കീം പരീക്ഷാ ഫലം റദ്ദാക്കിയ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചതോടെ സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും മുന്‍ വര്‍ഷത്തെ അതേ രീതിയില്‍ മൂല്യ നിര്‍ണം നടത്തി ഫലം പ്രസിദ്ധീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു.
SUMMARY: KEAM revised results published; 76230 students qualified