കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10 ട്രെൻഡിംഗ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍, അതില്‍ കൊച്ചിയും ഇടം നേടി. ലോകോത്തര ഡെസ്റ്റിനേഷനുകള്‍ ഉള്‍പ്പെട്ട ഈ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ച ഏക സ്ഥലവും കൊച്ചിയാണ്.
കേരള ടൂറിസത്തിന് ലഭിച്ച ഈ ആഗോള അംഗീകാരം ടൂറിസം ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണെന്നും, ടൂറിസം വളർച്ചയ്ക്ക് ഇത് ഏറെ ഗുണകരമാകുമെന്നും ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതുല്യമായ പ്രകൃതി സൗന്ദര്യവുമാണ് ആഗോള പട്ടികയില്‍ ഇടം നേടാൻ കൊച്ചിയെ സഹായിച്ചതെന്ന് ബുക്കിങ്.
കോം വിലയിരുത്തുന്നു. നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനം ഈ നഗരത്തില്‍ കാണാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വാസ്തുവിദ്യാ ശൈലികളും ആധുനിക ആർട്ട് കഫേകളും ഇവിടെ ഒത്തുചേരുന്നു. ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവട കേന്ദ്രങ്ങള്‍ എന്നിവ അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം നല്‍കുന്നു.
ചരിത്രപരമായ കെട്ടിടങ്ങള്‍ അത്യാധുനിക കലാകേന്ദ്രങ്ങളായി രൂപാന്തരപ്പെടുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികള്‍ കൊച്ചിയുടെ പ്രധാന ആകർഷണങ്ങളാണ്. ഇവിടുത്തെ പാചക പാരമ്പര്യവും സാംസ്കാരിക വൈവിധ്യത്തിന്റെ ഉദാഹരണമായി ബുക്കിങ്.കോം എടുത്തു കാണിക്കുന്നു.
SUMMARY: Kochi gets global recognition; among 10 must-see places in 2026













