Friday, August 8, 2025
23.9 C
Bengaluru

സ്വതന്ത്ര ശിൽപ്പമായി മാറുന്ന കവിത

ചിരപരിചിതമായ ചില പ്രതീകങ്ങളിലൂടെയുള്ള പുതിയ ഭാവുകത്വസമീപനമാണ് പി.എൻ.ഗോപീകൃഷ്ണൻ്റെ “രണ്ട് പള്ളിക്കൂടങ്ങൾ” എന്ന കവിത. പള്ളിക്കൂടം, വാഴ, ഉറി എന്നീ വാക്കുകളിലൂടെ പുതിയ കാല സംഭവങ്ങൾ പറയാനാവുമെന്ന് കവിത കാണിച്ചു തരുന്നു. വാക്ക് ഇവിടെ വസ്തുവാകുന്നു. സമകാലീന സാമൂഹ്യ രാഷട്രീയ വിഷയങ്ങൾ ബൗദ്ധിക വ്യാപാരങ്ങളിലൂടെ അടയാളപ്പെടുത്തുന്നതിനോടൊപ്പം ലാളിത്യവും അനുവർത്തിച്ചിട്ടുണ്ടെന്നുള്ളതും കവിതയുടെ ഗുണമാണ് .കവിയും വായനക്കാരനും തമ്മിൽ സക്രിയമായ ഒരിടപെടൽ ഈ കവിതയിൽ കാണാം. കാലത്തിന്നനുസരിച്ച് ഭാഷയും പ്രയോഗവും അർത്ഥവും മാറുന്നുണ്ട്.

◾ പി.എൻ.ഗോപീകൃഷ്ണന്‍

ശക്തമായ ആശയത്തിലൂടെ ധ്വനി സാന്ദ്രമായ വാങ്ങ്മയ ചിത്രം. പുതുകാല ബിംബകൽപ്പനകളിലെ നവീന സങ്കൽപ്പം കവിതക്ക് പുതിയ നിർവ്വചനങ്ങൾ നൽകുന്നു. ജീവിതത്തിൽ തന്നെ സദാ സജീവമായി വർത്തിക്കുന്നതിനെ ആഴത്തിലംഗീകരിച്ച് ക്രിയാത്മകമാക്കുകയാണ് കല. പഴയ കാലമോ ഭാവികാലമോ അല്ലാതെ വർത്തമാനകാലത്തെ സൂചികകളായി കവിത മാറുന്നു. കവിതാ ഭാഷക്കുള്ളിൽ തന്നെ മറ്റൊരു ഭാഷ രൂപപ്പെടുന്നുണ്ടവിടെ. സാധാരണ സംവേദന തലത്തിൽ നിന്നും രണ്ടു പടി ഉയർന്നു നിൽക്കുന്നു.

“രണ്ട് പള്ളിക്കൂടങ്ങൾ” എന്ന് വായിക്കുമ്പോൾ പഴമയിലേക്ക് ബോധത്തെ നയിക്കുമെങ്കിലും ത്വരിതരാസപ്രവർത്തനം പോലെ പുതിയ കാല പരിസരത്തിലേക്കാണ് വരികൾ നടന്നു കയറുന്നത്. “വാഴകളെ ഇങ്ങനെ സൃഷ്ടിക്കരുതായിരുന്നു” എന്ന ആദ്യ വരിയിൽ തന്നെ സമകാലീന സംഭവ പ്രശ്നങ്ങളുമായി വാഴക്കൈകൾ ഭീതിദമായി നീളുന്നുണ്ട്.തലയുടെ സ്ഥാനത്ത് അനേകം കൈകളാണ് കവി കാണുന്നത്. കൈകൾ പ്രവർത്തിക്കാനുള്ളവയാണ്. എന്നാൽ ആ പ്രവർത്തനങ്ങൾ അടിമ-ഉടമ വൈരുദ്ധ്യം, പാർശ്വവൽകൃത ജീവിതം, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുള്ള നിഷേധം, ഭരണകൂട തന്ത്രങ്ങൾ, അവകാശധ്വംസനം തുടങ്ങി നിരവധി വിഷയങ്ങളിലേക്ക് പ്രമേയം വഴി തുറക്കുന്നു. വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിൻ്റെ പരിഛേദമായി കവിത നിലകൊള്ളുന്നു. “ആയിരം കൈകൾ കൊണ്ട് ചുറ്റിപ്പിടിച്ച് ഞെരിക്കും/ആദ്യം കുടിച്ച അമ്മിഞ്ഞപ്പാല് തേട്ടുംവരെ” എന്ന കവിവാക്യത്തിൽ നിരവധി അർത്ഥങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നു. പുരോഗമനത്തിൻ്റെ ഉച്ചകോടിയിലെന്നഹങ്കരിക്കുമ്പോഴും മനുഷ്യൻ വീണ്ടും ഭൂതകാലത്തിൻ്റെ അസ്വാതന്ത്ര്യത്തിൻ്റെയും, അരാജകത്വത്തിൻ്റേയും, അരാഷ്ട്രീയതയുടേയും ചങ്ങലക്കണ്ണികൾ മുറുക്കുകയാണ്. പഴയ പ്രാമാണികത്തവും, ഫാസിസ്റ്റ് പ്രവണതകളും കവിതയിൽ മിന്നിത്തെളിയുന്നുണ്ട്. വാഴക്കൈകൾ നീരാളിക്കൈകളായി പകർന്നാട്ടം നടത്തുന്നു. “ചതഞ്ഞ ഇടങ്ങളിൽ സാന്ത്വനത്തിൻ്റെ ഓയിൻറ്മെൻ്റ് തടവണം”. ഇവിടെ ഓയിൻ്റ്മെൻറ് എന്ന പ്രയോഗം നവ കാലത്തിൻ്റെ സ്വാതന്ത്ര്യം കൂടിയാണ്. പഴയ കാവ്യരചനാ രീതിയിൽ ഇത്തരമൊരു ഇംഗ്ലീഷ് പദപ്രയോഗം കാണാനാവില്ല. അഥവാ കണ്ടെത്തിയാൽ തന്നെ അത് കവിതാ രചനക്ക് യുക്തമല്ലെന്ന ഖണ്ഡന വിമർശനങ്ങളുന്നയിക്കാം. എന്നാലിന്ന് പുതിയ കാവ്യവഴികളിൽ കവി കുറച്ചു കൂടി സ്വതന്ത്രനാണ്. അത് കാലത്തിൻ്റെ, മാറ്റത്തിൻ്റെ ഘടന കൂടിയാണ് സൂചിപ്പിക്കുന്നത്. പാരമ്പര്യ ശൈലിയിൽ മാത്രം ഊന്നി നിൽക്കാതെ സ്വന്തമായ ഭാഷാശൈലി പ്രയോഗങ്ങൾ സ്വീകരിക്കപ്പെടുന്നതിൻ്റെ തെളിവാണിത്. അത് പോലെ മറ്റൊരു പ്രയോഗമാണ് “പിണങ്ങി നിൽക്കുന്ന അംഗങ്ങളെ കൗൺസിലിംഗ് നടത്തണം/ശരീരത്തോട് ഇണക്കിച്ചേർക്കണം” എന്ന വരികളും. അതിനപ്പുറം കവിത കവിയുന്ന വരികളായി കവിത അനായാസമായി ഇങ്ങനെ പരിണമിയ്ക്കുന്നു” തുളുമ്പിപ്പോയ ഉള്ളിനെ തുടച്ചെടുത്ത് നിറയ്ക്കണം” .

വാഴ കേരളീയ ജീവിതത്തോട് തൊട്ട് നിൽക്കുന്നതാണ്. രാത്രിയിൽ വാഴയുടെ നിഴൽ മനുഷ്യ രൂപത്തോട് സാമ്യപ്പെടുന്ന അനുഭവവും സാധാരണമാണ്. എന്നാൽ വാഴ നട്ടതും ,വാഴക്കുലയുടെ ഉടമസ്ഥനാര് എന്ന കവിതാ ചോദ്യം വായനക്കാരനെ നയിക്കുന്നുണ്ട് പഴയ ജന്മി കുടിയാൻ വ്യവസ്ഥകളിലേക്കും, സവർണ്ണ പ്രതാപത്തിലേക്കും, അക്കാലത്തെ സാമൂഹ്യ ജീവിതത്തിൻ്റെ ജീർണ്ണതകളിലേക്കും. ചങ്ങമ്പുഴയുടെ “വാഴക്കുല ” എന്ന കവിതയെ അന്വർത്ഥമാക്കി വരിയുടലുകളിലൂടെ ഒരു കാലഘട്ടത്തെ കവി സമർത്ഥമായി പ്രതിപാദിക്കുന്നു. സമാന്തരമായി “വാഴ”ക്ക് പാർശ്വവൽക്കൃത ജീവിതത്തിൻ്റെ പ്രതീകമാകാനും, പാരിസ്ഥിതിക നാശത്തിൻ്റെ ബലിയാടാവാനും കഴിയുന്നു.” ജീർണ്ണിച്ച വസ്ത്രങ്ങൾ മാത്രം യോജിക്കുന്ന ഒരുടലും/ഛേദിച്ച ശിരസിൽ/കൂട്ടിയിട്ട കൈകളുമായി. ഇത് വർത്തമാന മനുഷ്യൻ്റെ ചോദ്യമാണ്. പക്ഷേ “ഏറെയായാൽ തിരിഞ്ഞെതിർക്കും ഏതു സാധു ജീവിതൻ കരങ്ങളും എന്നത് പോലെ ജീവ ശാസ്ത്രാധ്യാപകൻ നിർത്തിയപ്പോൾ ബോർഡിലെ ‘വാഴച്ചിത്രം ‘ആത്മഗതപ്പെടുന്നുണ്ട്” ഊളേ ഞങ്ങളുടെ പള്ളിക്കൂടത്തിലും/ഈ പാഠം പഠിപ്പിക്കുന്നുണ്ട്/ബോർഡിൽ നിൻ്റെ പടം വരച്ച് ഇങ്ങനെ തുടങ്ങുന്നത്. … “മനുഷ്യരെ ഇങ്ങനെ സൃഷ്ടിക്കരുതായിരുന്നു/ഉയരത്തിലെ ഉറി പോലെ/ കഴുത്തിന് മുകളിൽ / ഒരു തല കെട്ടിവെച്ച്” – പീഡനത്തിനിരയാകുന്ന പ്രകൃതിയുടേയും മനുഷ്യരുടേയും ആക്ഷേപഹാസ്യം നിറഞ്ഞ വാൾത്തല മൂർച്ചയുള്ള ചോദ്യമാണ് കവി തൊടുത്തുവിട്ടിരിക്കുന്നത്. കഴുത്തിന് മുകളിൽ ഒരു തലയുണ്ടായത് കൊണ്ട് കാര്യമില്ല. വർത്തമാനകാല ഹീനതകൾക്കും അനീതികൾക്കുമെതിരെ പോരാടാനും പറയാനും ഉള്ള ബുദ്ധിയും ,ചിന്തയും, പ്രതിരോധവും ഉണ്ടായിരിക്കണമെന്ന ഉദ്ബോധനമാണ് ഈ വരികളിലൂടെ പാഞ്ഞ് വന്ന് തറയ്ക്കുന്നത്.

പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹ ചിത്രത്തെ അല്ലെങ്കിൽ മനുഷ്യനെ ഒരു ഉറിയിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു. തീരുന്നില്ല, ഇത്തരം നിഷ്ക്രിയരിൽ നിന്നും സമൂഹത്തിന് എന്ത് ലഭിക്കുന്ന വെന്ന് കൂടി ഇവിടെ വരികൾ നിശിതമായി വാ തുറക്കുന്നു.”ഉടപ്പിറന്നോർ വന്ന്/ഉറിയടിക്കുമ്പോൾ/ചിതറുന്നതോ?/വളിച്ച് പുളിച്ച്/വളമാകാൻ പോലും/ കെൽപ്പില്ലാത്ത ചെളിച്ചോറ്/ എന്ന് പറയുന്നിടത്ത് കവിത അവസാനിക്കുകയും മനുഷ്യൻ്റെ മന്ദീഭാവത്തിലമർന്ന ചെയ്തികളും വിന്യസിക്കപ്പെടുന്നു. ചിരപരിചിതമായ വസ്തുക്കളിലൂടെ തനിക്ക് ലോകത്തോട് പറയാനുള്ളത് ബൗദ്ധികതയേയും ലാളിത്യത്തേയും, ഒട്ടും ചോരാതെ കാവ്യാത്മകതയേയും ഒരേയനുപാതത്തിൽ സാധാരണീകരിച്ച് സമ്മേളിക്കുമ്പോൾ എഴുത്തുകാരനും അനുവാചകനും ഒന്നിക്കുന്ന സക്രിയ ഘടകമായി കവിത മാറുന്നു. അത് തന്നെയാണ് കവിതയിലെ കലയും. കേവലം പ്രഖ്യാപനങ്ങൾ മാത്രമായാൽ കവിത ആസ്വദിക്കപ്പെടില്ല. ഭാഷക്കുള്ളിലെ ഭാഷയോട് ബന്ധിപ്പിക്കുന്നതിലൂടെ കവിത സ്വതന്ത്ര ശിൽപ്പമായി പരിണമിക്കുന്നു…..!

<BR>
TAGS : INDIRA BALAN | LITERATURE | VARIKAL IZHACHERKKUMBOL

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ്...

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു....

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക്...

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം...

Topics

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു...

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന്...

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന...

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്...

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട്...

ഫ്ലൈഓവർ സന്ദർശനത്തിനിടെ ഗതാഗത നിയമം ലംഘനം; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ ചുമത്തി

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ...

Related News

Popular Categories

You cannot copy content of this page