ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ അവയവ ഗതാഗതത്തിനു നമ്മ മെട്രോ ഉപയോഗിച്ച് അധികൃതർ. വൈറ്റ്ഫീൽഡ് സ്റ്റേഷനിൽ നിന്നു രാജരാജേശ്വരി സ്റ്റേഷനിലേക്കാണ് മാറ്റിവയ്ക്കുന്നതിനുള്ള കരൾ കൊണ്ടുപോയത്. നമ്മ മെട്രോയുടെ ചരിത്രത്തിലെ ആദ്യത്തെ അവയവ ഗതാഗതമാണിത്.
വെള്ളിയാഴ്ച രാത്രി 8.38നാണ് വൈദേഹി ആശുപത്രിയിൽ നിന്നുള്ള ആംബുലൻസ് കരളുമായി വൈറ്റ്ഫീൽഡ് സ്റ്റേഷനിലെത്തിയത്. ഒരു ഡോക്ടറും 7 ആരോഗ്യ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. സുരക്ഷാ പെരുമാറ്റച്ചട്ടങ്ങൾ ഉടൻ പൂർത്തിയാക്കിയ സംഘം കരളുമായി 8.42ന് മെട്രോ ട്രെയിനിൽ കയറി.
9.48ന് കരളുമായി സംഘം രാജരാജേശ്വരിനഗർ സ്റ്റേഷനിലെത്തി. 31 കിലോമീറ്ററോളം ദൂരമാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ താണ്ടിയത്. ഇവിടെ കാത്തു നിന്ന ആംബുലൻസിൽ കരൾ സ്പാർഷ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കി.
രാജ്യത്ത് രണ്ടാമത്തെ തവണയാണ് അവയവ ഗതാഗതത്തിനായി മെട്രോ ഉപയോഗിക്കുന്നത്. 2025 ജനുവരി 18ന് ഹൈദരാബാദ് മെട്രോയിൽ സമാനമായി അവയവഗതാഗതം നടത്തിയിരുന്നു.
SUMMARY: Liver transportation carried out in Namma Metro train.