തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. രാവിലെ 11 മുതൽ പത്രിക നൽകാം. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും.ഈ മാസം 21 ആണ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി. 22ന് സൂക്ഷ്മ പരിശോധന നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.
സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം.
സ്ഥാനാർഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറാകണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയാകണം. നാമനിർദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ വോട്ടറാകണം. ഒരു സ്ഥാനാർഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം. പട്ടികജാതി-വർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രാമപഞ്ചായത്ത് വാർഡിൽ 2,000 രൂപയും േബ്ലാക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 4,000 രൂപയും ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിൽ 5,000 രൂപയുമാണ് പത്രികയോടൊപ്പം കെട്ടിവെക്കേണ്ടത്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതി.
SUMMARY: Local election nomination submission begins today













