ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ബിരുദ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ പേയിങ് ഗസ്റ്റ് ഹോസ്റ്റല്‍ ഉടമ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി അഷറഫ് ആണ് പിടിയിലായത്. വിദ്യാര്‍ഥിനിയെ ബലമായി കാറില്‍ കയറ്റി നിർമാണം നടക്കുന്ന കെട്ടിടത്തില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സോളദേവനഹള്ളിയിലെ സ്വകാര്യ കോളേജിലെ ബിരുദ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കോളേജില്‍ അഡ്മിഷൻ ലഭിച്ച് 10 ദിവസം കഴിഞ്ഞപ്പോഴാണ് വിദ്യാർഥിനി ബെംഗളൂരുവില്‍ എത്തിയത്. അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പിജിയിലായിരുന്നു വിദ്യാർഥിനി താമസിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ചെത്തി വിദ്യാർഥിനിയുടെ മുറിയില്‍ കയറി ബലം പ്രയോഗിച്ച് കാറില്‍ കയറ്റുകയും, തൊട്ടടുത്ത് നിർമാണം നടക്കുന്ന പി ജി കെട്ടിടത്തിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി തന്റെ സുഹൃത്തുകള്‍ക്ക് മെസ്സേജ് അയച്ച് ഈ പ്രദേശത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ സോളദേവനഹള്ളി പിടികൂടുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയർന്നുവന്നിരുന്നു. ഇയാളുടെ കീഴില്‍ പ്രവർത്തിക്കുന്ന പി ജിയില്‍ താമസമാക്കിയ വിദ്യാർഥികളോട് മോശമായ രീതിയില്‍ പെരുമാറിയെന്നാണ് പരാതി. നിലവിൽ ഇയാൾക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി സോളദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പീഡനത്തിനിരയായ പെൺകുട്ടിയെ സാരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
SUMMARY: Malayali student raped in Bengaluru; accused arrested