ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ് പേര്‍ അറസ്റ്റിലായി. 24 ലക്ഷം രൂപയിലധികം വിലമതിക്കുന്ന എംഡിഎംഎയും കൊക്കെയ്നും ഇവരില്‍ നിന്നും പിടിച്ചെടുത്തു. കാവൂർ ഗാന്ധിനഗർ സ്വദേശി ചിരാഗ് സുനിൽ (49), അശോക് നഗറിൽ നിന്നുള്ള ആൽവിൻ ക്ലിൻ്റൺ ഡിസൂസ(39) മലപ്പുറം സ്വദേശി ഇ.കെ.അബ്ദുൾ കരീം (52), മംഗളൂരു കുലശേഖര സ്വദേശി ജനൻ ജഗന്നാഥ് (28), മംഗളൂരു ബോളുരു പരപ്പു സ്വദേശി രാജേഷ് ബംഗേര (30), മംഗളൂരു അശോക് നഗർ സ്വദേശി വരുൺ ഗനിഗ (28) എന്നിവരാണ് അറസ്റ്റിലായത്.
കാവൂരിലെ ഗാന്ധിനഗറിലെ മല്ലി ലേഔട്ടിൽ നടത്തിയ ആദ്യ റെയ്ഡിൽ ചിരാഗ് സനിലിനെയും ആൽവിൻ ക്ലിന്റൺ ഡിസൂസയെയും അറസ്റ്റ് ചെയ്തു. ഈ ഓപ്പറേഷനിൽ 22.3ലക്ഷം രൂപ വിലമതിക്കുന്ന 111.83 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. മുംബൈ ആസ്ഥാനമായുള്ള ആഫ്രിക്കൻ പൗരനായ ബെഞ്ചമിൽ നിന്ന് ചിരാഗ് സനിൽ എംഡിഎംഎ വാങ്ങിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ താമസിക്കുന്ന ഇ.കെ അബ്ദുൾ കരീം എന്നയാളാണ് ഇടപാടിന് സാമ്പത്തിക സഹായം നൽകിയതെന്ന് കണ്ടെത്തി. മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് കരീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ അറസ്റ്റുകളെത്തുടർന്ന് കൊക്കെയ്ൻ വിതരണത്തിൽ സംഘത്തിന് പങ്കുണ്ടെന്ന് സൂചന ലഭിച്ചതിനെത്തുടർന്ന് മന്നഗുഡ്ഡയിലെ സെൻട്രൽ വെയർഹൗസിന് സമീപം പോലീസ് റെയ്ഡ് നടത്തി. ഈ ഓപ്പറേഷനിൽ ജനൻ ജഗന്നാഥ്, രാജേഷ് ബംഗേര, വരുൺ ഗാനിഗ എന്നിവരെ അറസ്റ്റ് ചെയ്യുകയും 1.9 ലക്ഷം രൂപ വിലമതിക്കുന്ന 21.03 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുക്കുകയും ചെയ്തു.
കാവൂർ, ബാർക്കെ പോലീസ് സ്റ്റേഷനുകളിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ ഒന്നിലധികം വകുപ്പുകൾ പ്രകാരം ആറ് പ്രതികൾക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
SUMMARY: Massive drug bust in Mangalore: Six people, including a Malayali, arrested