ടെഹ്റാൻ: ഇറാനിൽ കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടർന്നുള്ള വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനടക്കം 7 പേർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ ഇറാനിലെ ലോറെസ്താൻ, സെൻട്രൽ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും കല്ലേറില്‍ 13 പേർക്കു പരുക്കേറ്റതായും അധികൃതർ സ്ഥിരീകരിച്ചു.
തെഹ്റാനിൽ നിന്ന് 650 കിലോമീറ്റർ അകലെയുള്ള ലൂർ വംശജർ താമസിക്കുന്ന നഗരങ്ങളിലാണ് പ്രധാനമായും സംഘർഷം നടക്കുന്നത്. ലോർഡെഗൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെടിയൊച്ചകൾ മുഴങ്ങുന്നതിന്റെയും പ്രതിഷേധക്കാർ ഒത്തുകൂടുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
BIG: In Iran’s Lordegan, massive clashes reported as armed protesters shoot at the regime forces. Protesters also set the Governor’s office on fire as they have done in other cities, and there are reports of them taking over the judiciary & IRGC buildings. pic.twitter.com/EgVo5g26Io
— Aditya Raj Kaul (@AdityaRajKaul) January 1, 2026
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസിമൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഞായറാഴ്ച കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്.
ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സമ്പദ് വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. ഇറാനിലെ പുരോഹിത ഭരണകൂടത്തിനെതിരേ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. ഫാർസ് പ്രവിശ്യയിൽ പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസ് അടക്കമുള്ള സർക്കാർ മന്ദിരങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു.
2022ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ മതപോലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വന്‍ പ്രതിഷേധത്തിനുശേഷം ഇറാനിലുടനീളം വ്യാപിക്കുന്ന പ്രക്ഷോഭമാണിത്.
SUMMARY: Massive protests in Iran; 7 people including security officer killed














