കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള അമ്മ സുജ രാവിലെ 8.55 ന് കൊച്ചി വിമാനത്താവളത്തിലെത്തും. ഉച്ചയോടെ വീട്ടിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 10 മണിയോടെ മിഥുന്റെ മൃതദേഹം സ്കൂളിൽ എത്തിക്കും. 12 മണിവരെ സ്കൂളിൽ പൊതുദർശനമുണ്ടാകും. വൈകിട്ട് അഞ്ച് മണിയോടെയാണ് സംസ്കാരം.വിലാപയാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.
അതേസമയം മിഥുന്റെ മരണത്തിൽ ഇന്നും വിവിധ സംഘടനകളുടെ പ്രതിഷേധം ഉണ്ടാകും. സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ പ്രധാനാദ്ധ്യാപിക സുജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. സീനിയർ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നൽകി. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കെഎസ്ഇബി അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകും. സ്കൂളിന് കുറുകെയുള്ള വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടിയും ഉടൻ ആരംഭിക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇന്ന് വൈകുന്നേരത്തോടെ കൂടുതൽ മൊഴികൾ രേഖപ്പെടുത്തും. കെഎസ്ഇബി പ്രഖ്യാപിച്ച അഞ്ചുലക്ഷം രൂപ കുടുംബത്തിന് ഇന്നലെ കൈമാറി.
കുട്ടിയുടെ കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം അടിയന്തിരമായി പരിഗണിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് മുഖേന കുടുംബത്തിന് മികച്ച വീട് നിർമ്മിച്ചു നൽകും. ഇളയക്കുട്ടിക്ക് പ്ലസ്ടുവരെ പരീക്ഷാഫീസ് ഒഴിവാക്കും. കുടുംബത്തിന് അടിയന്തിര സഹായമെന്ന നിലയിൽ മൂന്ന് ലക്ഷം രൂപ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
SUMMARY: Mithun’s funeral will be held at 5 pm, and a public viewing will be held at the school in the morning.