പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്തൻ, വിബിൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേർ പ്രതികളാകുമെന്ന് പോലീസ് സൂചിപ്പിച്ചു. ഛത്തീസ് ഗഡ് സ്വദേശിയായ രാം നാരായണ്‍ ഭയ്യ എന്ന 31 കാരനാണ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന രാം നാരായണനെ മോഷ്ടാവാണെന്ന് സംശയിച്ച് ആള്‍ക്കൂട്ടം തടഞ്ഞു വെക്കുകയും, ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തം വാർന്ന് ഒന്നര മണിക്കൂറോളം രാംനാരായണ്‍ റോഡില്‍ കിടന്നു. അവശനിലയിലായ യുവാവിനെ പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. രാം നാരായണ്‍ മാനസിക പ്രശ്നങ്ങള്‍ ഉള്ളയാളാണെന്ന് പോലീസ് സൂചിപ്പിച്ചു. മരിച്ച രാം നാരായണിന്റെ മൃതദേഹം ഇന്ന് തൃശൂർ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടം നടത്തും.
SUMMARY: Mob murder in Walayar; Five arrested














