
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ സ്റ്റേഷനുകളിൽ സൗജന്യ സൈക്കിൾ പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തി. സൈക്കിൾ യാത്രയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പർപ്പിൾ ലൈനിൽ രണ്ട്, ഗ്രീൻ ലൈനിൽ മൂന്ന്, പുതുതായി കമ്മീഷൻ ചെയ്ത യെല്ലോ ലൈനിൽ നാല് എന്നിങ്ങനെ ഒമ്പത് സ്റ്റേഷനുകളിലാണ് സൗജന്യ സൈക്കിൾ പാർക്കിങ് അനുവദിക്കുക.
പർപ്പിൾ ലൈനിലെ മൈസൂരു റോഡ്, ബയ്യപ്പനഹള്ളി, ഗ്രീൻ ലൈനിലെ മാദവര, പീന്യ ഇൻഡസ്ട്രി, ജെപി നഗർ, യെല്ലോ ലൈനിലെ ബിടിഎം ലേഔട്ട്, ഇലക്ട്രോണിക്സ് സിറ്റി, റാഗിഗുഡ്ഡ, ജയദേവ ഹോസ്പ്റ്റിൽ എന്നിവിടങ്ങളിലാണ് സൗജന്യ സൈക്കിൾ പാർക്കിങ് അനുവദിക്കുക.
ഈ സ്റ്റേഷനുകളിൽ എത്തുന്ന യാത്രക്കാരിൽ കൂടുതൽ പേരും സൈക്കിളുകളിൽ എത്തുന്നതിനാലാണ് ബിഎംആർസിഎൽ ഇളവ് നൽകിയത്. ഒൻപത് സ്റ്റേഷനുകളിൽ മാത്രമാണ് ഇളവ് ലഭിക്കുകയെന്നും മറ്റിടങ്ങളിൽ പാർക്കിങ് നിരക്ക് ഉണ്ടാകുമെന്നും ബിഎംആർസിഎൽ അധികൃതർ അറിയിച്ചു. നിലവിൽ മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകൾക്ക് മണിക്കൂറിന് ഒരു രൂപയും ഒരു ദിവസത്തേക്ക് 10 രൂപയുമാണ് പാർക്കിങ് നിരക്ക്.
SUMMARY: Namma Metro: No more paying to park bicycles at nine stations














