എറണാകുളം: എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതി സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ. ആലപ്പുഴ സ്വദേശി നിനവിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചിട്ടും തടയാത്തതിനാണ് കേസ്. അപകടം ഉണ്ടാകുമ്പോൾ നിനവും മിനി കൂപ്പറിൽ ഉണ്ടായിരുന്നു.
സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളുടെ പിന്നില്‍ അമിതവേഗത്തിലെത്തിയ മിനി കൂപ്പര്‍ കാര്‍ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മംഗലാപുരം സ്വദേശി ഇയാസ്, പാലക്കാട്, വയനാട് സ്വദേശികളായ ഗോപിക, ദേവിക എന്നിവരാണ് മരണപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ വി ഐ പി റോഡിലെ മൂഴിയാലില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
നാട്ടുകാരാണ് കാർ ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഡ്രൈവർ സുഹൈൽ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. 19 വയസാണ് പ്രതിക്ക്. വാഹനം മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിൽ ആയിരുന്നു. സുഹൈലിന്‍റെ അച്ഛന്‍റെ പേരിലുള്ളതാണ് വാഹനം. സുഹൈലിനെതിരെ നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം, പ്രതി സുഹൈൽ സജീവിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ കയ്യേറ്റമുണ്ടായി. ആശുപത്രിക്ക് പുറത്തുണ്ടായിരുന്നു യുവാവ് പ്രതിയെ മർദിക്കുകയായിരുന്നു.
SUMMARY: Nedumbassery road accident: Friend of Suhail, who was driving the vehicle, also arrested.
















